പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹി ആരോപണവുമായി ബിജെപിയും സംഘ്പരിവാര്‍. ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളായ ചാന്നി ആനന്ദ്, മുഖ്താര്‍ ഖാന്‍, അസോസിയേറ്റഡ് പ്രസ്സിലെ ഡാര്‍ യാസിന്‍ എന്നിവരാണ് ഇത്തവണത്തെ പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായത്. ഇതില്‍ അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.
കശ്മീര്‍ താഴ്വരയിലെ ”ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍” നല്‍കിയതിനാണ് മൂന്ന് പേര്‍ക്കും 2020 ലെ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചത്. നിങ്ങള്‍ ഞങ്ങളെ അഭിമാനികളാക്കി എന്ന അഭിനന്ദനവുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ജമ്മു കശ്മീരിലെ ജീവിതത്തിന്റെ ശക്തമായ ചിത്രങ്ങള്‍ക്ക് പുലിറ്റ്സര്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുകളായ ദാര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ചാനി ആനന്ദ് എന്നിവരെ അഭിനന്ദിക്കുന്നു, ‘നിങ്ങള്‍ ഞങ്ങളെല്ലാവരെയും അഭിമാനത്തിലാക്കി.’ എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രചാരണവുമായി രംഗത്തെത്തിയത്. പുലിറ്റ്സര്‍ ജേതാക്കളായ ഫോട്ടോ ജേണലിസ്റ്റുകള്‍ ജമ്മു കശ്മീരില്‍ നിന്നുള്ളരാവുന്നതോടെ അവരെ അഭിനന്ദിക്കുന്നത് പോലും രാജ്യദ്രോഹമാവുമെന്ന വാദമാണ് വിദ്വേഷപ്രചാരകര്‍ ഉയര്‍ത്തുന്നത്. ട്വിറ്ററില്‍ രാജ്യദ്രോഹി രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലാണ് ബിജെപി, സംഘ്പരിവാര്‍ പ്രചാരണം.
പ്രത്യേക പദവി എടുത്തുകളയുകയും വിഭജിക്കുകയും ചെയ്തതിനു പിന്നാലെ ജമ്മു കശ്മീരിന്റെ നേര്‍ചിത്രങ്ങള്‍ പുറംലോകത്തെത്തിച്ച അന്താരാഷ്ട്ര ഫോട്ടോ ഏജന്‍സി അസോസിയേറ്റഡ് പ്രസിനാണ് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചത്. ദര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ഛന്നി ആനന്ദ് എന്നീ ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഫീച്ചര്‍ ഫൊട്ടോഗ്രാഫി ഇനത്തില്‍ പുലിറ്റ്സര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരാണ് യാസിനും മുക്താര്‍ ഖാനും. ജമ്മു ജില്ലയിലാണ് ആനന്ദ് ജോലിചെയ്യുന്നത്.
റോഡുകളിലൂടെ നുഴഞ്ഞുകയറിയും വീടുകളില്‍ ഒളിച്ചുപാര്‍ത്തും കാമറ പച്ചക്കറി സഞ്ചിയില്‍ ഒളിപ്പിച്ചും സാഹസികമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഫൊട്ടോഗ്രാഫര്‍മാര്‍ പ്രതികരിച്ചു. ”അതൊരു പൂച്ചയും എലിയും കളിയായിരുന്നു. എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടാതിരിക്കാനായി ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തു” ദര്‍ യാസീന്‍ പ്രതികരിച്ചു.
പത്രപ്രവര്‍ത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ ശ്രദ്ധേയനേട്ടങ്ങള്‍ക്ക് നല്‍കപ്പെടുന്ന അമേരിക്കന്‍ പുരസ്‌കാരമായ പുലിറ്റ്‌സറിന് പത്രപ്രവര്‍ത്തകരുടെ ഓസ്‌കര്‍ എന്നും വിളിപ്പേരുണ്ട്. ഹംഗേറിയന്‍-അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിറ്റ്‌സര്‍ സ്ഥാപിച്ച ഈ പുരസ്‌കാരം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയാണ് നിയന്ത്രിക്കുന്നത്. 1917 ലാണ് ആദ്യ പുലിറ്റ്‌സര്‍ പുരസ്‌കാരം നല്‍കിയത്.
കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുലിറ്റ്സര്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ ദാന കാനഡി തന്റെ വീട്ടിലിരുന്ന് ലൈവ് സ്ട്രീമിംഗിലൂടെയായിരുന്നു ഇത്തവണ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.