ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു

 

കോപന്‍ഹേഗന്‍: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്‌സ് നടത്താനിരിക്കുന്ന ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സ് പറഞ്ഞു.
നെതര്‍ലന്‍ഡിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് മത്സരം നടത്താതിരിക്കുന്നതെന്നും എന്നാല്‍ ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്‍റ്റ് വില്‍ഡേഴ്‌സ് പറഞ്ഞു. ഇസ്‌ലാമിന്റെ അസഹിഷ്ണുത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യാപക പ്രതിഷേധ ത്തെ തു ട ര്‍ ന്നാ ണ് ഗീര്‍റ്റ് മ ത്സര നീക്കത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന.
മത്സരത്തിന്റെ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്‌സിനെതിരെ വധഭീഷണി മുഴക്കിയ 26 കാരനെ ഈയാഴ്ച ഹേഗില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പാക് പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെന്‍മാര്‍ക്കിലെ മുസ്‌ലിംകുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് വില്‍ഡേഴ്‌സ്. ഇയാളുടെ മുസ്‌ലിം വിരുദ്ധ ഫ്രീഡം പാര്‍ട്ടി ഡെന്‍മാര്‍ക് പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു.
പ്രവാചക കാര്‍ട്ടൂണ്‍ മത്സരം നടത്തുന്നതിനെതിരെ പാകിസ്താനിലും അഫ്ഗാനിസ്താനിലുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ മത, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പാകിസ്താനില്‍ റാലി നടത്തിയ തെഹ്‌രീകെ ലബ്ബൈക്ക് എന്ന സംഘടന സര്‍ക്കാരിനോടും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളോടും നെതര്‍ലന്‍ഡുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഡച്ച് അംബസഡറെ വിളിച്ചുവരുത്തി പാക് വിദേശകാര്യ മന്ത്രാലയം പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ മത്സരത്തോടുള്ള പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം നടത്തുന്ന പശ്ചാതലത്തില്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ഡച്ച് സൈന്യത്തെ ആക്രമിക്കണമെന്ന് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടിരുന്നു.

SHARE