ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ച് കരസേനാ മേധാവി നടത്തിയ പരാമര്‍ശമാണ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്കിയാല് നാളെ പട്ടാളം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് കളപ്പ ട്വീറ്റ് ചെയ്തു.
സൈനിക മേധാവി ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങുന്നത് മുതല്‍ രാജ്യത്തെ പൗരനും സൈന്യവും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തും, 1947 തൊട്ട് സായുധ സേന ആഭ്യന്തര രാഷ്ട്രീയത്തില്‍ അഭിപ്രായമിടുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്നതാണ് സ്വാതന്ത്ര ഇന്ത്യയുടെ ഏക വിജയമെന്ന് കോണ്‍ഗ്രസ് വ്യക്താവ് മനീഷ് തിവാരിയും വ്യക്തമാക്കി.
ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെ മറ്റു വിവിധ പാര്‍ട്ടി നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മോദി ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ അവസ്ഥ എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്ന് അടിവരയിടുന്നതാണ് കരസേനാ മേധിവിയുടെ പ്രസ്താവനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ആദ്യമായിട്ടാണ് ഒരു കരസേനാ മേധാവി ഇത്തരത്തില്‍ രാഷ്ട്രീയ പരാമര്‍ശം നടത്തുന്നത്. മോദിക്ക് കീഴില്‍ യൂണിഫോമിലുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്റെ എല്ലാ പരിധികളും ലംഘിക്കാന്‍ കഴിയും. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് പാകിസ്താന്റെ വഴിയാണോ പോകുന്നത് എന്ന ചോദ്യം ഞങ്ങള്‍ ഉന്നയിക്കേണ്ടത് ആവശ്യമാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്നുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ കാര്യങ്ങളില്‍ ഇത്തരം മ്ലേച്ഛമായ ഇടപെടല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേള്‍ക്കാത്തതാണെന്നും യെച്ചൂരി പറഞ്ഞു.
നേതൃത്വ ഗുണം എന്നാല്‍ ഒരാളുടെ അധികാരത്തിന്റെ പരിധി അയാള്‍ അറിയുക എന്നാതാണെന്ന്, ഉവൈസിയും തിരിച്ച് വിമര്‍ശിച്ചു.
നിങ്ങള്‍ നേതൃത്വം നല്കുന്ന സ്ഥാപനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും സിവിലിയന്‍ മേധാവിത്വം എന്ന ആശയം മനസിലാക്കുന്നതിനും കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അനുചിതമായ വഴികളിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു രാജ്യത്തിന്റെ രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ട് റാവത്ത് പറഞ്ഞത്. തീവെപ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നത് നല്ല നേതൃത്വമല്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് കത്തുന്ന വേളയിലാണ് കരസേനാ മേധാവിയുടെ ഇത്തരത്തിലുള്ള വിമര്‍ശം.
ഡിസംബര്‍ 31ന് ബിപിന്‍ റാവത്ത് വിരമിക്കുകയാണ്. പുതുതായി വരുന്ന ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി ബിപിന്‍ റാവത്തിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാമര്‍ശം.