ഡല്‍ഹി ജമാ മസ്ജിദില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു; ഹിജാബ് ധരിച്ച് അല്‍ക്ക ലംബ

ന്യൂഡല്‍ഹി: ഭിം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ജമാ മസ്ജിദിന് മുന്നില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് ജമാ മജസ്ജിദിന് പുറത്ത് ഒരുമിച്ച് കൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഭവന് മുന്നിലടക്കം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് അല്‍കാ ലംബ, മുന്‍ ഡല്‍ഹി എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനത്തില്‍ ക്യൂ നിര്‍ത്തിയത് പോലെ ജനങ്ങളെ എന്‍.ആര്‍.സിയുടെ പേരില്‍ ക്യൂവില്‍ നിര്‍ത്തുകയാണ് അല്‍ക ലംബ പറഞ്ഞു.

അതേസമയം രാജ്യതലസ്ഥാനത്തനടക്കം ഇന്ന് പ്രതിഷേധങ്ങളുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമാ മസ്ജിദിന് മുന്നില്‍ 15 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 21 ജില്ലകളിൽ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുലന്ദ്ഷഹർ, ആഗ്ര, സിതാപുർ, മീററ്റ് തുടങ്ങിയ തുടങ്ങിയ ഇടങ്ങളിൽ ഒരു ദിവസത്തേക്ക് ഇന്റ ര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് വരികയാണ് എ.ഡി.ജി പി.വി.രാമശാസ്ത്രി പറഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ച ജമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. അന്നും അല്‍ക ലംബ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. ഭിം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഭിം ആര്‍മിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജോര്‍ബഗിലാണ് പ്രതിഷേധം.