പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആന്‍ഡി ബോഡി ടെസ്റ്റ്; നാളെ മുതല്‍ ദിവസേന എത്തുന്നത് അമ്പതോളം വിമാനങ്ങള്‍

തിരുവനന്തപുരം: വിദേശത്തു നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അധിക സുരക്ഷാ നടപടിയാണെന്നും കോവിഡ് അവലോക യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റിബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

ഐജിഎം, ഐജിജി ആന്റിബോഡികള്‍ കണ്ടെത്തിയാല്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തും. ആന്റിബോഡി ടെസ്റ്റില്‍ നെഗറ്റീവാകുന്നവര്‍ക്ക് പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ അവരും കര്‍ശന സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടണം. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കണം. കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ കാര്യങ്ങളില്‍ വീഴ്ച വരുത്തരുത്- അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഉച്ചവരെ വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തിയവര്‍ 98,202 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 96,581(98.35%) പേര്‍ വിമാനങ്ങളിലാണ് എത്തിയത്. 1621 (1.65%)പേര്‍ കപ്പലുകളിലും. തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31896 പേര്‍ കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവര്‍ക്ക് വേണ്ട സ്‌ക്രീനിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ ആവശ്യാനുസരണം സജ്ജീകരിക്കുകയാണ്. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ്. താജിക്കിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 %,റഷ്യയില്‍ നിന്നെത്തിയവരില്‍ 9.72 %, നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51%, കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99%, യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 %, ഖത്തറില്‍ നിന്ന് എത്തിയവരില്‍ 1.56 %, ഒമാനില്‍ നിന്നെത്തിയവരില്‍ .78 % ഈ തരത്തിലാണ് കൊവിഡ് ബാധിതരുടെ കണക്കുകളുള്ളത്.

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് വിമാനങ്ങളും 43 വന്ദേ ഭാരത് വിമാനങ്ങളുമാണ് വിദേശമന്ത്രാലം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 വിമാനങ്ങളാണ് വിദേശങ്ങളില്‍ നിന്നെത്തിയത്. നാളെ മുതല്‍ ദിവസം 40മുതല്‍50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനങ്ങള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ്. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്ക് പോകണം. പോകുന്ന വഴിയില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കരുത്. ഇത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണം ലഭ്യമാക്കുമ്പോള്‍ അമിത വിലയീടാക്കരുത്. വിദേശത്ത് നിന്ന് കൂടുതല്‍ പേരെത്തുമ്പോള്‍ അവര്‍ക്ക് ടെസ്റ്റ് നടത്തു,ക മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയ്ക്ക് കൂടുതല്‍ സമയം വേണ്ടി വരും. യാത്രക്കാര്‍ കൂടുതല്‍ സമയം എയര്‍പോര്‍ട്ടില്‍ ചെലവഴിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അവര്‍ ലഘുഭക്ഷണം കഴിക്കാന്‍ തയ്യാറാകുമ്പോള്‍ അമിത വില ഈടാക്കരുത്.

മിതമായ നിരക്കില്‍ ഇവ ലക്ഷ്യമാക്കാന്‍ സിയാല്‍ എയര്‍പോര്‍ട്ടില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രവാസികളെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സന്നദ്ധ സംഘടനകളില്‍ നിന്നാരും പോകേണ്ടതില്ല. വിമാനമിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ആ വാഹനത്തെ തടഞ്ഞുനിര്‍ത്തി സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

SHARE