അമ്പൂരി കൊലപാതകം: അഖില്‍ കീഴടങ്ങുമെന്ന് അച്ഛന്‍

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ പ്രതിയായ സൈനികന്‍ അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. അതേസമയം, അഖിലിനെ കണ്ടെത്താന്‍ പൊലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ്. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസന്റെ സംശയം.

അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായി. എന്നാല്‍ കേസിലെ മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ നിരപരാധിയാണെന്നും മണിയന്‍ പറഞ്ഞു.

നേരത്തെ അഖിലിന്റെ സഹോദരന്‍ രാഹുല്‍ കീഴടങ്ങിയെന്ന് മണിയന്‍ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസില്‍ അഖിലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ സംശയത്തിന്റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SHARE