മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ച് ബി.ജെ.പിയില്‍

ഭോപ്പാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, മദ്ധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുര്‍ഹാന്‍പൂരിലെ നെപാനഗര്‍ എം.എല്‍.എ സുമിത്ര ദേവി കസ്‌ദേകര്‍ ആണ് രാജിവച്ചത്. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവിനോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സുമിത്ര. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.

ബഡാ മല്‍ഹേര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദ്യുംന്‍ സിങ് ലോധി എം.എല്‍.എ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടുള്ളത്. ലോധിയെ ഭക്ഷ്യ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചെയര്‍മാനാക്കിയിട്ടുണ്ട്. ഇതുവരെ ചൗഹാന്‍ മന്ത്രിസഭയില്‍ 14 കോണ്‍ഗ്രസ് വിമതന്മാര്‍ക്കാണ് ഇടം കിട്ടിയിട്ടുള്ളത്.

മദ്ധ്യപ്രദേശ് നിയമസഭയില്‍ നിന്ന് ഇതുവരെ 24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവച്ചത്. ഇതില്‍ 22 പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവരുടെ രാജിക്ക് പിന്നാലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വീണിരുന്നു. രാജ്യത്തെ രാഷ്ട്രീയത്തെ ചന്തയാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര സിങ് ഗുപ്ത ആരോപിച്ചു.