മമ്മുട്ടിക്കെതിരായ പരാമര്‍ശം; പൊട്ടിക്കരഞ്ഞ് നടി രേഷ്മ രാജന്‍

നടന്‍ മമ്മുട്ടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി നടി അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ലിച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രേഷ്മയായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലും വേഷമിട്ട നടി അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് മമ്മുട്ടിയേയും ദുല്‍ഖറിനേയും കുറിച്ച് പറഞ്ഞത്.

മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്നായിരുന്നു താരത്തിനോടുള്ള ചോദ്യം. ദുല്‍ഖര്‍ നായകനാകട്ടെ, മമ്മുട്ടി അച്ഛനായും അഭിനയിക്കട്ടെയെന്നുമായിരുന്നു അന്ന രേഷ്മയുടെ മറുപടി. ഇതിനെതിരെ മമ്മുട്ടി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സൈബര്‍ ആക്രമണം കടുത്തപ്പോള്‍ വിശദീകരണവുമായി അന്ന രേഷ്മ തന്നെ രംഗത്തെത്തുകയായിരുന്നു. മമ്മുട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മുട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്ന് പറഞ്ഞത് തമാശയായിട്ടായിരുന്നുവെന്ന് അന്ന വ്യക്തമാക്കി. അത് മമ്മുട്ടിയെ അപമാനിക്കാനായിരുന്നില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കുകയായിരുന്നു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ ആളല്ലെന്നും അന്ന രേഷ്മ കൂട്ടിച്ചേര്‍ത്തു.