പൗരത്വ നിയമഭേദഗതി; അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി, സര്‍ക്കാരിന് ആശങ്ക

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം പൗരത്വ ഭേദഗതി നിയമത്തില്‍ സ്വീകരിച്ച നിലപാടാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ അന്‍വര്‍ രാജ വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്.

അണ്ണാ ഡിഎംകെ മന്ത്രിസഭയിലെ ന്യൂനപക്ഷ സമുദായാംഗമായ മന്ത്രി നിലോഫര്‍ കഫീലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പിഎംകെയ്ക്ക് പുറമെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെ നേതൃത്വം പ്രതിരോധത്തിലായി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് അന്‍വര്‍ രാജ അഭിപ്രായപ്പെട്ടത്.

തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷി വന്‍ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്‌നാട് ഇത്തവണ വിധിയെഴുതിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിലെ 515ല്‍ 237 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചു. വന്‍ വിജയം നേടിയത് ഡിഎംകെ ക്യാമ്പിന് നല്‍കുന്നത് മികച്ച ആത്മവിശ്വാസമാണ്.

SHARE