അമേരിക്കയില്‍ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി ട്രംപ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ലോകത്താകമാനം വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും ട്രംപ് അറിയിച്ചു. വൈറസ് സംബന്ധിച്ച് ഇതിനോടകം മനസിലാക്കി കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വിശദീകരിച്ചു.
മാത്രമല്ല, യുഎസുമായും രോഗം പടര്‍ന്നു പിടിച്ച മറ്റെല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്നും ചൈീസ് പ്രസിഡന്റ് വ്യക്തമാക്കിയതായി ചൈനീസ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ എജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു.
വൈറസ് അപകടകരമാം വിധം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പല പ്രാവശ്യം മുന്‍ കരുതല്‍ നടപടികള്‍ ആവശ്യപ്പെട്ടപ്പോഴും യുഎസ് അത് മുഖ വിലയ്ക്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍, അനിയന്ത്രിതമായി വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില് ട്രംപ് നിലപാട് തിരുത്തിയതായാണ് വിലയരുത്തല്‍.