ഇസ്ഹാഖ് കുടുംബ സഹായം; മുസ്ലിം യൂത്ത്‌ലീഗ്‌ ഒരു കോടി രൂപ കൈമാറും

മലപ്പുറം : സി.പി.എം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ താനൂര്‍ അഞ്ചുടിയിലെ ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ ബുധനാഴ്ച കൈമാറും. നാളെ വൈകീട്ട് അഞ്ച് മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ താനൂരിലെത്തി ഇസ്ഹാഖിന്റെ കുടുംബത്തെ തുക ഏല്‍പ്പിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും. നവംബര്‍ ഒന്നിന് വെള്ളിയാഴ്ച ആയിരുന്നു സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇസ്ഹാഖ് കുടുംബ സഹായ ഫണ്ട് സമാഹരണം നടത്തിയത്. ഫണ്ട് സമാഹരണം സമയബന്ധിതമായി വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരോടും നേതാക്കള്‍ നന്ദി രേഖപ്പെടുത്തി.