യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അഞ്ചുടി ഇസ് ഹാഖ് കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം പൊളിയുന്നു; പ്രതികള്‍ക്ക് വേണ്ടി ഹാജറായത് എല്‍.ഡി.എഫ്. കണ്‍വീനറുടെ മകന്‍

താനൂര്‍: അഞ്ചുടിയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സിപിഎം വാദം പൊളിയുന്നു. പ്രതികള്‍ക്ക് വേണ്ടി ഇന്നലെ തിരൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായത് എല്‍.ഡി എഫ്. കണ്‍വീനര്‍ എ വിജയരാഘവന്റെ മകന്‍ അഡ്വ. ഹരികൃഷ്ണന്‍. കൊലപാതകം നടന്ന നിമിഷം മുതല്‍ കൊലക്ക് പിന്നില്‍ സിപിഎമ്മിനോ നേതാക്കള്‍ക്കോ ഒരു പങ്കുമില്ലെന്ന വാദമാണ് സിപിഎം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്നതിന്റെ തെളിവാണ് ഉന്നത സിപിഎം നേതാവിന്റെ മകന്‍ തന്നെ സിപിഎം ക്രിമിനലുകളായ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ നിന്നും വ്യക്തമാകുന്നത്. സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് അഞ്ചുടിയില്‍ ഇസ്ഹാഖിനെ കൊലപ്പെടുതിയതെന്ന മുസ്ലിം ലീഗിന്റെയും യൂത്ത്‌ലീഗിന്റെയും ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഉന്നത നേതാവിന്റെ മകന്‍ തന്നെ പ്രതികള്‍ക്കായി ഹാജരായതില്‍ നിന്നും തെളിയുന്നത്. മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും പ്രതികള്‍ക്ക് വേണ്ടി ഉന്നത നേതാവിന്റെ മകന്‍ തന്നെയാണ് ഹാജരായിരുന്നത്. ഉന്നത സിപിഎം നേതാവും ഷുക്കൂര്‍ വധകേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനുമായ പി ജയരാജന്‍ സ്വകാര്യമായി താനൂര്‍ അഞ്ചുടിയില്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ക്കകമാണ് നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നതെന്നത് ഗൗരവമേറിയ ചര്‍ച്ചക്ക് കാരണമായിരുന്നു. കൊലപാതകത്തില്‍ പി ജയരാജന്‍ ഉള്‍പ്പെടയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് കൊലപാതകം നടന്ന് പിറ്റേദിവസം തന്നെ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ വീടിന് ഏതാനും വാരകള്‍ക്ക് അടുത്തുനിന്നുമാണ് കണ്ടെടുത്തത്. ഇതെല്ലാം കൊലപാതകത്തിലെ സിപിഎം പങ്കിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. പ്രതികളെ സംരക്ഷിക്കുകയും നിയമ സഹായം ചെയ്യുകയുമില്ലെന്ന സിപിഎം വാദമാണ് സംസ്ഥാനത്തെ ഉന്നത നേതാവിന്റെ മകന്‍ കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരായതിലൂടെ പൊളിയുന്നത്. പ്രതികള്‍ക്ക് നിയമ സഹായത്തിനുള്ള സാമ്പത്തികം ചെലവഴിക്കുന്നതും സിപിഎമ്മാണെന്ന ആരോപണമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താനൂര്‍ തീരദേശത്ത് സിപിഎം ആരംഭിച്ച അക്രമപ്രവര്‍ത്തനങ്ങള്‍ ഇസ്ഹാഖിന്റെ കൊലപാതകത്തിലാണ് എത്തി നില്‍ക്കുന്നത്. കൊലക്ക് ശേഷം ഇസ് ഹാഖിന്റെ സഹോദരന്‍ നൗഫലിനെ നിരവധി തവണ സിപിഎം ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ തിരൂര്‍ സെഷന്‍ കോടതി തള്ളി.

SHARE