കോട്ടയം: കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ പെണ്‍കുട്ടി പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജിന് വീഴ്ച പറ്റിയതായി എം.ജി.സര്‍വ്വകലാശാല നിയോഗിച്ച സിന്ഡിക്കേറ്റുതല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി കണ്ടെത്തിയ ശേഷം മുക്കാല്‍ മണിക്കൂറോളം കുട്ടിയെ പരീക്ഷാഹാളില്‍ തന്നെ ഇരുത്തിയതാണ് പ്രധാന വീഴ്ച.
സര്‍വ്വകലാശാലാ പരീക്ഷാച്ചട്ടങ്ങള് പ്രകാരം കോപ്പിയടിച്ചു പിടിയ്ക്കപ്പെട്ടാല്‍ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി അയോഗ്യനാണ്. അതുകൊണ്ടുതന്നെ പരീക്ഷാ ഹാളില്‍ തന്നെ നിശ്ചിത സമയപരിധി വരെ കുട്ടിയ പരീക്ഷാ ഹാളില്‍ ഇരുത്തേണ്ടതില്ല. കോപ്പിയടിച്ച് പിടിയ്ക്കപ്പെട്ടിട്ടും ഒന്നും ചെയ്യാതെ ക്ലാസില്‍ അത്രയധികം നേരം ഇരുന്നത് അഞ്ജുവിന്റെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സര്‍വ്വകലാശാലാ പരീക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് കോപ്പിയടിച്ച് പിടിയ്ക്കപ്പെടുന്നയാളില് നിന്ന് കുറ്റം സമ്മതിച്ചു കൊണ്ടുള്ള പ്രസ്താവന എഴുതി വാങ്ങേണ്ടതുണ്ട്. ഇവിടെ അതും ഉണ്ടായിട്ടില്ല. പ്രസ്താവന എഴിതിവാങ്ങാന് പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കെത്താന്‍ അറിയിച്ചെങ്കിലും കുട്ടി അവിടേക്ക് പോകാതെ കോളേജില്‍ നിന്ന് മടങ്ങിയെന്നാണ് കോളേജ് അധികൃതര്‍ നല്കിയ വിശദീകരണം.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തിയെങ്കിലും അഞ്ജു പി.ഷാജി കോപ്പിയടിച്ചോയെന്ന കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ല.പ്രധാന തെളിവായ ഹാാള് ടിക്കറ്റ് പോലീസിന്റെ കൈവശമിരിക്കുന്നതാണ് കാരണം. കയ്യക്ഷര പരിശോധന അടക്കം കഴിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.
കോപ്പിയടി പിടികൂടിയ ശേഷം പ്രിന്‍സിപ്പല്‍ അഞ്ജുവിനോട് എന്താണ് സംസാരിച്ചതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. ഇക്കാര്യം വ്യക്തമാകുന്നതിനായി പരീക്ഷയെഴുതിയ മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴിയുമെടുക്കും.സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ശുപാര്‍ശകളും സമിതി സര്‍ക്കാരിന് നല്‍കും.സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എം.എസ്.മുരളി,ഡോ.അജി.സി പണിക്കര്‍.വി.എസ്.പ്രവീണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞിരപ്പള്ളി സെന്റ് ആന്‍ണീസ് കോളേജില ബി.കോം വിദായര്ത്ഥിയായ അഞ്ജു പി ഷാജിയെ മീനച്ചിലാറ്റില്‍ ചേര്‍പ്പുങ്കല്‍ ഭാഗത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിലെത്താതെ വന്നതോടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് കുട്ടിയുടെ ബാഗും മൊബൈലും കണ്ടെത്തിയതോടെയാണ് പുഴയില്‍ അന്വേഷണം നടത്തിയത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.