കൂട്ടുകാര്‍ ചതിച്ചു, രക്ഷിക്കണം; ഗോവയില്‍ ആത്മഹത്യ ചെയ്ത അഞ്ജനയുടെ അവസാനത്തെ ഫോണ്‍കോള്‍

കാസര്‍കോട്: ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കാസര്‍ക്കോട് സ്വദേശിനി ചിന്നു എന്ന അഞ്ജന കെ ഹരീഷിന്റെ മൃതദേഹം ഇന്ന് കാഞ്ഞങ്ങാട്ട് എത്തിക്കും. ഇന്നലെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഗോവ പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ജില്ലാ കളക്ടറുടെ പ്രത്യേക പാസുമായി കാഞ്ഞങ്ങാട്ടു നിന്ന് ഗോവയിലെത്തിയ പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹം എത്തിക്കുക. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുണ് ചിന്നു. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നു- വീട്ടുകാര്‍ വ്യക്തമാക്കി. നാലു മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ മിനി പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

അന്വേഷണത്തില്‍ കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി. പൊലീസ് യുവതിയെ വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സയ്ക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചു വരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി.

കോഴിക്കോട്ട് ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും തനിക്ക് അമ്മയോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് ഇവര്‍ പോയത്. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസം.

മാര്‍ച്ച് 17 ന് മൂന്ന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. ഒരാഴ്ചത്തെ യാത്രയായിരുന്നു പദ്ധതി. അതിനിടെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ അവിടെ കുടുങ്ങുകയായിരുന്നു.

മുമ്പ് അഞ്ജനയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സംഘം തളിപ്പറമ്പ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നു. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു.