അഞ്ജന ഹരീഷിന്റെ മരണം; ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

കാസര്‍കോട്: അഞ്ജന(21)ഹരീഷിന്റെ മരണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. കൊലപാതകമാണെന്ന ആരോപണവുമായി അമ്മ മിനി ഉള്‍പ്പെടെ രംഗത്തു വന്നതോടെയാണ് യുവതിയുടെ മരണത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ബന്ധുക്കളോട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ജന കെ. ഹരീഷിന്റെ മരണത്തെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗോവ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 13 ന് രാത്രിയിലാണ് ഗോവയിലെ താമസസ്ഥലത്തിനു സമീപം അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചു വരാന്‍ പെണ്‍കുട്ടി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാല്‍ തന്നെ മരണത്തില്‍ ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി മാതാവ് മിനി ഗോവ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണം ആത്മഹത്യയാണ്. അതേസമയം അഞ്ജനയുടെ മരണം ആത്മഹത്യയാണെന്ന് വടക്കന്‍ ഗോവ എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയും പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SHARE