ആത്മഹത്യതന്നെയെന്ന്; അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാദം തള്ളി ഗോവാ പൊലീസ്

പനാജി: അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) മരണത്തിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദംതന്നെ തള്ളി ഗോവ പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അഞ്ജന ഹരീഷ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണ്‍ തള്ളിയതായ വാര്‍ത്ത ന്യൂസ് മിനുട്ടാണ് ചെയ്തത്.

തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണമെന്നാണ് എസ്പി ക്രിഷ്ത് പ്രസൂണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അഞ്ജന മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി അക്രമിക്കപ്പെട്ടെന്നും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും തരത്തിലുള്ള കുടുംബത്തിന്റെ ആരോപണം മലയാള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയത്.

‘അത്തരത്തില്‍ ഒന്നുംതന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൂട്ടുകാരുടെ മൊഴിയിലോ കുടുംബത്തിന്റെ മൊഴിയിലോ അത്തരത്തില്‍ ഒന്ന് പറഞ്ഞിട്ടില്ല. അവരുടെ ആരുടേയും മൊഴികളില്‍ അഞ്ജന ഉപദ്രവിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള സൂചിപ്പിക്കലില്ല,” എസ്.പി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോറന്‍സിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അത് അപ്രസക്തമാണെന്നും എസ്.പി പറഞ്ഞു.

അതേസമയം, ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരീഷിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പ്രധാനമന്ത്രിക്ക് കത്തു നല്‍കി.
അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു അമ്മ മിനിയുടെ പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം അടക്കമുള്ള നിരവധി കൊടുംക്രൂരതകള്‍ മകള്‍ നേരിടേണ്ടി വന്നതായി സംശയിക്കുന്നുണ്ടെന്നും മരണം ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്ക് നയിച്ച കാരണങ്ങള്‍ പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കേരള-ഗോവ മുഖ്യമന്ത്രിമാര്‍, ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍, ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനിയായ അഞ്ജനയെ ഇക്കഴിഞ്ഞ മെയ് 13നാണ് ഗോവയില്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ തുടക്കം മുതല്‍ തന്നെ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ, ഗോവയിലെ ഒരു റിസോര്‍ട്ടില്‍ അഞ്ജന കെ ഹരീഷിനെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗി പറഞ്ഞു. അഞ്ജനയുടെ മരണത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ആകുലപ്പെടുന്നവര്‍ അല്‍പ്പം കാത്തിരിക്കണമെന്ന് ഗാര്‍ഗി ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു.

മരണത്തിന് സാക്ഷ്യം വഹിച്ചവര്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും അഞ്ജനയുടെ മരണത്തെത്തുടര്‍ന്ന് അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഗാര്‍ഗി പോസ്റ്റില്‍ കുറിച്ചു. അഞ്ജനയുടെ സുഹൃത്തുക്കളായ അതിര, സബാരി, നസീമ എന്നിവര്‍ ഗോവയില്‍ മരിക്കുമ്പോള്‍ അഞ്ജനയുടെ കൂടെയുണ്ടായിരുന്നു. മരത്തിന് പിന്നാലെ ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആള്‍ക്കൂട്ട അക്രമം നടക്കുന്നതായും പരാതിയുണ്ട്.

അതേസമയം, ക്വിയര്‍ വ്യക്തിയായ അഞ്ജന ഹരീഷിന്റെ മരണത്തില്‍ നടക്കുന്ന വ്യാജപ്രചരണം സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ നടത്തുന്നതാണെന്നും സ്ഥാപനവല്‍കൃത കൊലപാതകത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് 111 പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഗി, നസീമ, ശബരി, ആതിര, സുള്‍ഫത്ത് തുടങ്ങിയ വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന സൈബര്‍ ആള്‍ക്കൂട്ട വിചാരണയും വാജ പ്രചാരണവും നിര്‍ത്തിവെക്കണമെന്നും ഇതില്‍ ഒരു വിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതായും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.