ബിനീഷിനെതിരെ ജാതി അധിക്ഷേപമില്ല; അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ബി. ഉണ്ണികൃഷ്ണന്‍; അനിലിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് ബിനിഷ്

കൊച്ചി: സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇന്നത്തെ ചര്‍ച്ചയോടെ പൂര്‍ണ്ണമായും അവസാനിച്ചെന്നും ബിവീഷിനെതിരെ അനില്‍ നടത്തിയത് ജാതി അധിക്ഷേപമല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിഷയത്തില്‍ ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.