പരസ്പരം മിണ്ടിയിട്ട് ആറ് മാസമായി

Dharamshala: File---- Indian cricket captain Virat Kohli along with team coach Anil Kumble during a practice session in Dharamshala on Friday. Kumble has decided to step down as head coach of Indian cricket team. PTI Photo (PTI6_20_2017_000210B)

പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി…! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനകം രണ്ട് പേരും രണ്ട് തവണ ഒരു മേശക്ക് ചുറ്റുമിരുന്നു. അപ്പോഴും പരസ്പരം മുഖത്തേക്ക് പോലും ഇരുവരും നോക്കിയില്ല. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പേയായിരുന്നു ആദ്യ ഇരുത്തം. അപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരുമുണ്ടായിരുന്നു. എന്നാല്‍ പലവട്ടം ബോര്‍ഡ് ഉന്നതര്‍ ശ്രമിച്ചിട്ടും രണ്ട് പേരും പരസ്പരം സംസാരിച്ചില്ല. ഫൈനലില്‍ ഇന്ത്യ ദയനീയമായി തകര്‍ന്നതിന് ശേഷം രണ്ട് പേരും വീണ്ടും ഒരു മേശക്ക് ചുറ്റുമിരുന്നു. അപ്പോഴും സംസാരമില്ല. ഇതിനെ തുടര്‍ന്നാണ് ഈ കൂട്ടുകെട്ട് അധികം മുന്നോട്ട് പോവില്ലെന്ന് ഉറപ്പായതും പിറകെ കുംബ്ലെ രാജിക്കത്ത് നല്‍കിയതും. വിന്‍ഡീസ് പര്യടനത്തിനുള്ള ടീം ലണ്ടനില്‍ നിന്നാണ് യാത്രയായത്. കുംബ്ലെക്കും വിന്‍ഡീസിലേക്ക് ടിക്കറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ബാംഗ്ലൂരില്‍ നിന്നും വിന്‍ഡീസിലെത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫൈനലിന് ശേഷമുള്ള ആ ഇരുത്തത്തിലെ ഇരുവരുടെയും കുറ്റകരമായ മൗനത്തിന് ശേഷം കുംബ്ലെയാണ് താന്‍ രാജി വെക്കുകയാണെന്നും വിന്‍ഡീസിലേക്ക് ഇല്ലെന്നും വ്യക്തമാക്കിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശകസമിതിക്ക് പ്രശ്‌നം മാസങ്ങള്‍ക്ക് മുമ്പേ അറിയാം. പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ഇവര്‍ എതിര്‍ക്കാതിരുന്നതും അത് കൊണ്ടാണ്. പിന്നീട് ഇവര്‍ കുംബ്ലെയുമായി സംസാരിച്ചു. അതിന് ശേഷമാണ് കോച്ചിനെ തേടിയുള്ള അന്വേഷണത്തില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലികമായി പിന്മാറിയത്. കുംബ്ലെയും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ കുംബ്ലെ തന്നെ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഉപദേശക സമിതി കുംബ്ലെയുടെ സമയം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
ഇവര്‍ തമ്മിലുള്ള പ്രശ്‌നം എന്തെന്ന് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവിന് വ്യക്തമായ ഉത്തരമില്ല. കുംബ്ലെയും കോലിയും മനസ് തുറന്നാല്‍ മാത്രമാണ് പ്രശ്‌നം അറിയാന്‍ കഴിയുക. എന്നാല്‍ ഇവര്‍ മിണ്ടാതിരിക്കുമ്പോള്‍ എന്താണ് പ്രശ്‌നം എന്നത് ആര്‍ക്കുമറിയാത്ത സമസ്യയാണെന്നാണ് വക്താവ് വ്യക്തമാക്കുന്നത്. കുംബ്ലെയുമായി പ്രത്യേകം ചര്‍ച്ച നടത്തി പ്രശ്‌നം ആരാഞ്ഞപ്പോള്‍ തനിക്ക് വിരാതുമായി പ്രശ്‌നം ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേ സമയം കോലി പറയുന്നത് കോച്ച് അദ്ദേഹത്തിന് ഒരു അധികാരവുമില്ലാത്ത കാര്യങ്ങളില്‍ പോലും ഇടപെടുന്നു എന്നാണ്.