കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ദ്രാവിഡും കുംബ്ലെയും; ബി.ജെ.പിയില്‍ ചേരില്ലെന്ന് അറിയിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും. യുവ വോട്ടര്‍മാരെ പിടിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിക്കുകയായിരുന്നു ഇരുവരും.

കര്‍ണാടക സ്വദേശികളായ ഇന്ത്യയുടെ രണ്ട് മുന്‍ ക്രിക്കറ്റ് നായകന്മാരെ പാര്‍ട്ടിയിലെത്തിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രിനും സിദ്ധരാമയ്യക്കും തിരിച്ചടി നല്‍കി യുവ വോട്ടര്‍മാരെ പിടിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇതിനായി ആഴ്ച്ചകളായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. ഒരാളെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുളള വാഗ്ദാനം വരെ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം.

ഇരു താരങ്ങളുടേയും പ്രതിച്ഛായയും ജനപ്രിയതയും മെയ് 12ന് നടക്കുന്ന വോട്ടെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. താരങ്ങളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കര്‍ണാടകയില്‍ നിന്നും കളിച്ച മികച്ച താരങ്ങളാണ് കുംബ്ലെയും ദ്രാവിഡും.