ലൈഫ് മിഷന്‍ ഫ്‌ലാറ്റ് തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിയുന്നു; അനില്‍ അക്കര എംഎല്‍എ

തൃശൂര്‍: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിയുന്നതായി അനില്‍ അക്കരെ എംഎല്‍എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിയുന്നു.
ഈ കെട്ടിട നിര്‍മ്മാണവുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്നും ഇതിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും റെഡ് ക്രസന്റിനാണെന്നുമാണ് ഭൂമി അവര്‍ക്കാണ് കെട്ടിടം പണിയാന്‍ അനുവദിച്ചിട്ടുള്ളതെന്നുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ളതും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് 05.09.2019 ന് ന് 84,637 / രൂപ അടച്ച് ലൈഫ് മിഷന്‍ കരസ്ഥമാക്കിയ പെര്‍മിറ്റ് പ്രകാരമാണ് ഇവിടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവിടെ കെട്ടിടം പണിയുന്നതിനുള്ള നിയമാനുസൃതമായിട്ടുള്ള അനുമതി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാത്രമായിട്ടാണ് വടക്കാഞ്ചേരി നഗരസഭ നല്‍കിയിട്ടുള്ളത്.

ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നാല് വര്‍ഷം കാലാവധിയുണ്ട്. ലൈഫ് മിഷന്‍ നിയമാനുസരണം അപേക്ഷ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം വാങ്ങിയ ഈ പദ്ധതിക്ക് ലൈഫ് മിഷന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥനായ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും ചേര്‍ന്ന് റെഡ് ക്രസന്റിനെ ഏല്‍പ്പിച്ചാല്‍ മാത്രമേ റെഡ് ക്രസന്റിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടു കൂടി ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ തികച്ചും നിയമവിരുദ്ധമായിട്ടാണ് റെഡ് ക്രസന്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് എസ്.എന്‍.സി ലാവ്‌ലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കെട്ടിടം നിര്‍മ്മിച്ചു കൊടുത്തിരുന്നത്. മുഖ്യമന്ത്രി വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കാതെ റെഡ് ക്രസന്റ് എന്ന് പറഞ്ഞ് ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവിടെ പഞ്ചായത്തീരാജ് നിയമം തൊട്ട് വിദേശ നാണയ വിനിമയ ചട്ടം വരെ ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ തിരുത്തിയും നുണ പറഞ്ഞും പറ്റിച്ചും ഇനി അധികകാലം മുന്നോട്ട് പോകുവാന്‍ കഴിയില്ല. അടിയന്തിരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം.

SHARE