“ഒന്നു തിരിഞ്ഞുനോക്കിയോ”; വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ വീട്ടമ്മ

വോട്ട് ചോദിച്ചെത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധമുയര്‍ത്തി വീട്ടമ്മ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേരെ മന്ത്രിയോട് നേരിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ പരാതി അറിയിച്ചത്.

കോന്നിയില്‍ വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പരേതനായ തന്റെ ഭര്‍ത്താവിന്റെ അനുഭവ അവസ്ഥയാണ് വീട്ടമ്മ വിശദീകരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചാല്‍ സഖാക്കള്‍ എന്തു ചെയ്യുമെന്നായിരുന്നു പ്രതിഷേധ സ്വരത്തില്‍ വീട്ടമയുടെ ചോദ്യം. മരിച്ചാല്‍ സഖാവിനും സഖാവിന്റെ കുടുംബത്തിനും എന്തെങ്കിലും കൊടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും എന്തെങ്കിലും കിട്ടുന്നതിന് വേണ്ടിയല്ല, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ ഒരു തുണ്ട് തുണിപോലും വന്നുകെട്ടാന്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പരാതി പറഞ്ഞത്. വോട്ടുചോദിച്ചെത്തിയവരെ സാക്ഷിയാക്കിയുള്ള വീട്ടമ്മയുെ ചോദ്യത്തിന് മുന്നില്‍ മന്ത്രിക്ക് ഉത്തരംമുട്ടുകയായിരുന്നു. ഏനാദിമംഗലത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് കാണാം.
തിരിഞ്ഞുനോക്കിയോ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് മറുപടിയില്ലാതെ ഉത്തരംമുട്ടി നില്‍ക്കുന്ന മന്ത്രി എം.എം മണിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതിനിടെ കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിയുടെ തലയ്ക്ക് പരിക്കേറ്റു. ഇടത് സ്ഥാനാര്‍ത്ഥി അഡ്വകേറ്റ് കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറില്‍ വച്ച് ഒരു വീടിന്റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്ക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം എം മണി ചികിത്സ തേടി. എന്നാല്‍ പരിക്ക് നിസാരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു

SHARE