മാഡ്രിഡ്: കഴിഞ്ഞ ഇരുപതിരണ്ടു വര്‍ഷമായി അണിഞ്ഞിരുന്ന ബാര്‍സ കുപ്പായം നടപ്പു സീസണ് അവസാനത്തോടെ നായകന് ആന്ദ്രെ ഇനിയെസ്റ്റ അയിച്ചുവെക്കും. ക്ലബ് വിളിച്ച പത്രസമ്മേളനത്തില്‍ നിറകണ്ണുകളോടെയാണ് ബാര്‍സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയെസ്റ്റ വിടവാങ്ങാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഇതൊന്നും തന്റെ കരിയറില്‍ ഒരിക്കല്‍ പോലും ബാര്‍സക്കെതിരെ കളിക്കില്ലെന്നും വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത സീസണില്‍ എവിടെ കളിക്കുമെന്ന് ഇനിയെസ്റ്റ വ്യക്തമാക്കിയില്ല.
നീണ്ട 22 വര്‍ഷത്തെ കരിയറില്‍ ഒരു ബാര്‍സ താരമെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമാണ്് ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണിത്. ജീവിതത്തിലെ ഭൂരിപക്ഷം നിമഷങ്ങളും ഞാന്‍ ചെലവഴിച്ചത് ഇവിടെയാണ്. അതുകൊണ്ട് തന്നെ വിടപറയുമ്പോള്‍ ദു:ഖം അടക്കാനാവുന്നില്ല. ആരാധകര്‍ക്കും ക്ലബിനും സഹതാരങ്ങള്‍ക്കും നന്ദി. കളി ജീവിതത്തില്‍ ഒരിക്കല്‍ പോലും ബാര്‍സക്കെതിരെ കളിക്കില്ലയെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ് അതുകൊണ്ടു തന്നെ കളിക്കാരനെന്ന നിലയില്‍ യൂറോപ്പില്‍ തുടരില്ല. എന്നെ ഞാനാക്കിയത് ലാ ഡെസിമയും ബാര്‍സയുമാണ് എല്ലാത്തിനും നന്ദി-വിങ്ങിപ്പൊട്ടി മുപ്പതിമൂന്നുകാരന്‍ പറഞ്ഞു.
🔊 Andrés Iniesta: “This is my last season here” Your legacy is infinite. #infinit8Iniesta pic.twitter.com/2ZBQxjyVFv
— FC Barcelona (@FCBarcelona) April 27, 2018
22 വര്‍ഷത്തെ കരിയറില്‍ 16 വര്‍ഷവും ഇനിയെസ്റ്റ കളിച്ചത് ബാര്‍സ സീനിയര്‍ ടീമിനൊപ്പമായിരുന്നു. സീനിയര്‍ ടീമിനായി 699 മത്സരങ്ങള്‍ കളിച്ചതാരം ബാര്‍സയുടെ നാലു ചാമ്പ്യന്‍സ് ലീഗ,് മൂന്നു ഫിഫ ക്ലബ് ലോകപ്പ്,എട്ടു ലാലീഗയുള്‍പ്പെടെ 31 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.
ബാലണ്‍ ഡിയോര്‍ പുരസ്കാരം ഒഴികെ മറ്റെല്ലാ നേട്ടങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇനിയെസ്റ്റയ്ക്ക് ബാലണ്‍ ഡിയോര്‍ നല്‍കാത്തതിന് സംഘാടകര്‍ കഴിഞ്ഞയാഴ്ച്ച അദേഹത്തോട് മാപ്പുപറഞ്ഞിരുന്നു. സ്പെയ്ന്‍ ദേശീയ ടീമിനൊപ്പം രണ്ടു യൂറോ കപ്പും ഒരു ലോകകപ്പും സ്വന്തമാക്കിയ താരം റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര തലത്തില്‍ നിന്നും വിരമിക്കും.