ആന്ധ്രാ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ അമിത് ഷാ രംഗത്ത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും. ചുമതലയേറ്റ ദിവസങ്ങള്‍ക്കകം മുന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ മടക്കി കോണ്‍ഗ്രസിലെത്തിച്ച് കേന്ദ്ര നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൈയ്യടി നേടി ഉമ്മന്‍ചാണ്ടി.

ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പും വരുന്നു. ഇത് രണ്ടും മനസ്സില്‍ കണ്ടാണ് കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കിയത്. കിരണ്‍ കുമാര്‍ റെഡ്ഡിയെ തിരികെ പാര്‍ട്ടിയിലെത്തിച്ച് സംസ്ഥാനത്ത് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ടുപോയ പ്രമുഖ നേതാക്കളെയെല്ലാം തിരിച്ച് കോണ്‍ഗ്രസിലെത്തിക്കുന്നത് തുടരുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ അടുത്ത നോട്ടം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹനിലേക്കാണ്. അദ്ദേഹത്തെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള കരുക്കള്‍ നീക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത ശക്തി തന്നെയാണ് ജഗന്‍. മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം പാര്‍ട്ടി വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമാണ് അറിയിക്കുന്നത്.

ജനങ്ങള്‍ക്കിടയില്‍ ശക്തമായ വേരോട്ടമുള്ള ജഗനെ തിരിച്ച് പാര്‍ട്ടിലെത്തിച്ചാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടി. ഈ സാഹചര്യം കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടി ജഗനെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി വളര്‍ന്നിരിക്കുന്നു ഇന്ന് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് കൊണ്ടുതന്നെയാണ് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കുന്നത്.

പ്രാഥമിക ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ജഗനും തീരുമാനിച്ചതായിട്ടാണ് വിവരം. ജഗനെ പാര്‍ട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഒരു പാക്കേജ് ഉമ്മന്‍ ചാണ്ടി മുന്നോട്ട് വെക്കുന്നുണ്ട്. പ്രധാന പദവികള്‍ അദ്ദേഹത്തിനും വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കും കൈമാറിയേക്കും.

അതേസമയം ആന്ധ്രാ രാഷ്ട്രീയത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പിന്നാലെ ജഗനും കോണ്‍ഗ്രസിലേക്ക് മടങ്ങിയാല്‍ അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നന്നായി അറിയാം.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ എന്‍.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അമിത് ഷാ. നേരിട്ട് ക്ഷണിക്കുന്നതിന് പകരം സഖ്യകക്ഷി നേതാക്കളെ ഉപയോഗിച്ചാണ് അമിത്ഷായുടെ കളി. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം വിജയിച്ചാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാമെന്ന്‌ ബി.ജെ.പി ഉറപ്പു നല്‍കിയതായും സൂചനയുണ്ട്. ഏതുവിധേനയും ജഗന്‍ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുന്നത് തടയാന്‍ മുഖ്യമന്ത്രി പദത്തിന് പുറമെ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തയ്യാറാണ് അമിത് ഷാ. അതേസമയം ചന്ദ്രബാബു നായിഡുവിനെ തിരിച്ച് എന്‍.ഡി.എയിലെത്തിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.

പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉടലെടുക്കുന്ന ആന്ധ്രയില്‍ അന്തിമ ജയം ഉമ്മന്‍ ചാണ്ടിക്കോ അല്ലെങ്കില്‍ ബി.ജെ.പിയുടെ അമരക്കാരന്‍ അമിത ഷായ്ക്ക് ഒപ്പമാവുമോയെന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്നത്.