കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കുടിക്കാഴ്ച നടത്തി.
Met with West Bengal Chief Minister, @MamataOfficial ji in Kolkata today.
— N Chandrababu Naidu (@ncbn) November 19, 2018
ഈമാസം 22ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലേക്ക് മമതയെ ക്ഷണിക്കുന്നതിനാണ് നായിഡു എത്തിയത്. ബംഗാള്‍ സെക്രട്ടറിയേറ്റിലെ മമതയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും ബ.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ചര്‍ച്ചയായി. ജനുവരി 19ന് ബംഗാളില്‍ പ്രതിപക്ഷ കക്ഷികളുടെ കൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു.
അഴിമതി ആരോപണം നേരിടുന്ന സി.ബി.ഐക്ക് ആന്ധ്രയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെ മമത ബാനര്‍ജി പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. 22ന് നടക്കുന്ന യോഗം സംബന്ധിച്ച് അന്തിമ വിലയിരുത്തലുകളും ഇരുവരും നടത്തിയെന്നാണ് സൂചന. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ രൂപീകരണത്തിനും സഖ്യത്തിന്റെ ഘടന തീരുമാനിക്കുന്നതിനുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.
പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന നായിഡു നേരത്തെ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, എസ്.പി നേതാക്കാളായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, എന്‍.സി.പി നേതാവ് ശരദ്പവാര്‍, നാഷണല്‍ കോണ്ഫറണ്സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരുമായും സി.പി.എം, സി.പി.ഐ നേതാക്കളുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.