1918 ല്‍ സ്പാനിഷ് ഫ്‌ളൂ മറികടന്നു, 2020ല്‍ കോവിഡും; ചരിത്രമായി 106 കാരി

ലക്ഷങ്ങളുടെ മരണത്തിനിടിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച് കോവിഡില്‍ നിന്നും മുക്തമാവുന്നവര്‍ ലോകത്തെങ്ങുമുണ്ട്. കോവിഡിനെ അതിജീവിച്ച് പ്രായം കൂടിയ കേരളത്തിലെ ദമ്പതികളുടെ വാര്‍ത്ത ലോകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അന ഡെല്‍ വാലെ എന്ന അസാധാരണമായ ജീവിതത്തിന് ഉടമയായ 106 വയസ്സുകാരിയായ സ്പാനിഷ് സൂപ്പര്‍ മുത്തശ്ശിക്ക് കോവിഡ് മുക്തിയില്‍ പറയാനുള്ളത് ചരിത്ര കഥയാണ്. രണ്ട് പാന്‍ഡെമിക്കുകളോട് പോരാടി വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവകഥയാണ് അന ഡെല്‍ വാലെ ലോകത്തോട് പങ്കുവെയ്ക്കുന്നത്.

കുട്ടിക്കാലത്ത് സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സയെ അതിജീവിച്ച ജന്മം കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചത്.

1913-ലാണ് അന ഡെല്‍ ജനിച്ചത്. 1918-ല്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ സ്പാനിഷ് ഫ്ളൂ ലോകത്താകെ വ്യാപിച്ച് ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെയാണ് ബാധിച്ചത്. ഫ്‌ളൂ രണ്ട് വര്‍ഷത്തോളം ലോകത്തെ പിടിച്ചുലച്ചു. 1918 അവസാനത്തോടെ ഫ്ളൂ അനയേയും ബാധിച്ചു. എന്നാല്‍ ചികിത്സയിലൂടെ കുഞ്ഞു അന രോഗമുക്തി നേടുകയായിരുന്നു.

തുടര്‍ന്ന് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ല്‍ അല്‍കാല ഡെല്‍ വാലിയിലെ നേഴ്സിങ് ഹോമില്‍ അന്തേവാസിയായി തുടരുന്നതിനിടെയാണ് അന ഡെലിനെ തേടി കോവിഡ് 19 മഹാമാരിയും എത്തുന്നത്. സ്‌പെയിനിനിടെ പിടിച്ചുലക്കി എത്തിയ കോവിഡ് അനക്കൊപ്പം അന്തേവാസികളായ 60 പേരിലേക്കും പടര്‍ന്നിരുന്നു.എന്നാല്‍ കഴിഞ്ഞാഴ്ചയാണ് ചികിത്സയിലൂടെ അന മുത്തശ്ശി രോഗമുക്തി നേടുന്നതകും സ്പാനിഷ് സൂപ്പര്‍ ഗേളാവുന്നതും. അതേസമയം, അനക്കിപ്പോള്‍ 107 വയസാണെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകത്തില്‍ കോവിഡ് രോഗമുക്തി നേടിയ പ്രായം കൂടിയ രണ്ടാമത്തെ ആളാണ് അന ഡെല്‍. സ്പെയിനിലെ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ ആളും. ഇപ്പോഴും വടികുത്തി നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന മുത്തശ്ശിക്ക് പ്രായമേറെയുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പ്രായമായവരില്‍ രോഗബാധ ഗുരുതരമാവുമെന്ന ആരോഗ്യവിദഗ്ധരുടെ കണക്കുകള്‍ നിലനില്‍ക്കെ 107 കാരിയുടെ രോഗം സുഖപ്പെട്ടതിന്റെ ക്രെഡിറ്റിലാണ് സ്‌പെയിനിലെ ലാ ലിനിയ ആശ്പത്രിയും ഡോക്ടര്‍മാരും ആരോഗ്രപ്രവര്‍ത്തകരും.

SHARE