ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. അമൂല്യ എന്ന പെണ്‍കുട്ടിയാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നും വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞ സംഘാടകര്‍, ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒരു നടപടിയേയും പിന്തുണക്കില്ല എന്നും വ്യക്തമാക്കി.

വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ സംസാരത്തിന് ശേഷം സ്‌റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്നുതവണ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു.

ഇതിനിടെ ഉവൈസി അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്‌റ്റേജിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സംസാരിച്ച ഉവൈസി, പെണ്‍കുട്ടിയുടെ നിലപാടിനോട് ഒരുനിലക്കും യോജിക്കാനാവില്ലെന്നും ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും വ്യക്തമാക്കി. ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെ സംരക്ഷിക്കാനാണ് നമ്മുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം. സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തശേഷം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി.