മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിന്റെ ഭാര്യക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ നീക്കി ശിവസേന


മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ മേയര്‍ നരേഷ് മാസ്‌കെ നിര്‍ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കിലായിരിക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് ഈ നിര്‍ദേശമെന്നാണ് മേയറുടെ വിശദീകരണം.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് തുടരുന്നതിനിടെയാണ് ഈ തീരുമാനം. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ശിവസേനക്കാണ്. ആക്‌സിസ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് അമൃത.

‘ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകള്‍ ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത് ബുധനാഴ്ചയാണ് അറിഞ്ഞത്. ശമ്പള അക്കൗണ്ട്, ടാക്‌സ് അക്കൗണ്ട് എന്നിവ ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റണമെന്ന് ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കിലായിരിക്കണമെന്ന് നിയമമുള്ളതാണ്.താനെ മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ദേശസാല്‍കൃത ബാങ്കുകളിലൂടെ നടത്തണമെന്നും ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’ താനെ മേയര്‍ നരേഷ് അറിയിച്ചു.

‘ഇത് ജനങ്ങളുടെ പണമാണ്. സ്വകാര്യബാങ്കുകളില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനത്തിന് യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വരരുത്.’ നരേഷ് പറയുന്നു.

SHARE