നവജാത ശിശുവിന്റെ ശസത്രക്രിയ നാളെ നടത്തിയേക്കും

കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.

നാളെ അന്തിമ രക്ത പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. കുട്ടിയുടെ ആരോഗ്യനില സങ്കീര്‍ണമായി തുടരുന്നതിനാല്‍ ഏറെ അപകട സാധ്യതയുള്ള ശസ്ത്രക്രിയയായിരിക്കും ഇതെന്നും സര്‍ജറിക്ക് ശേഷം കുഞ്ഞിനെ ഐസിയുവില്‍ പൂര്‍ണ നിരീക്ഷത്തിലാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാസര്‍ക്കോട് സ്വദേശികളായ ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്.

ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അസ്ഥയും ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുമായിരുന്നു പ്രശ്‌നം. 12 ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് കുട്ടി മംഗലാപുരത്തെ ആസ്പത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു. നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഹൃദയ തകരാറിന് പുറമെ ഭാവിയില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയില്‍ കണ്ടെത്തിയതായും ആസ്പത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.