ആഞ്ഞടിച്ച് ഉംപുന്‍; ബുധനാഴ്ചയോടെ കരയിലേക്ക്- അതീവ ജാഗ്രത

തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത ആറു മണിക്കൂറില്‍ കൂടുതല്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റില്‍ രാമേശ്വരത്ത് 50 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് ഒഡീഷ ,ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി അകലെയാണ് ഇപ്പോള്‍ ഉംപുന്‍ ഉള്ളത്. ബുധനാഴ്ചയോടെ അതിശക്തമായ ചുഴലിക്കാറ്റായി ഉംപുന്‍ കരയിലെത്തുമെന്നാണ് സൂചന. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര ഒഡീഷയിലെ തീരദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. ബലാസോര്‍, ഭദ്രാക്, ജാജ്പൂര്‍, മയുര്‍ഭഞ്ജ് ജില്ലകളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുക. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി. കോട്ടയം വൈക്കത്ത് കാറ്റിലും മഴയിലും അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. വൈക്കത്തിന്് സമീപുള്ള പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു.

SHARE