ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ; വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിമര്‍ശകരെ നിശ്ശബ്ദമാക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്ന് സംഘടനയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ ആരോപിച്ചു. വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ നിയമം ഉപയോഗിക്കുന്ന സര്‍ക്കാറിന്റെ ഒരു രീതിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാമിഅയിലെ മീരാന്‍ ഹൈദര്‍, സഫൂര്‍ സര്‍ഗര്‍ എന്നിവര്‍ക്ക് പുറമേ, കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്രത് സഹ്‌റ, മനുഷ്യാവകാശ പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്‌ഡെ, ഗൗതം നവ്‌ലാഖ എന്നിവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് ആംനസ്റ്റി വിശ്വസിക്കുന്നു. ഭരണകൂടത്തിന് ഉത്തരവാദിത്വങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമം കൂടിയാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ കഴിഞ്ഞ ദിവസമാണ് ഹൈദര്‍, സര്‍ഗര്‍, മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തത്. കലാപത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. തീവ്ര ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കപില്‍ മിശ്ര, മന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി എടുക്കാന്‍ മടിച്ചു നില്‍ക്കുന്ന പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത് എന്നതാണ് ശ്രദ്ധേയം.