സംഘടന സഹകരിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് മോഹന്‍ലാല്‍; ചര്‍ച്ച പുരോഗമിക്കുകയാണെന്ന് നടിമാര്‍

കൊച്ചി: താരസംഘടന അമ്മയും ഡബ്ല്യു.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും നടിമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ, പാര്‍വ്വതി, രേവതി എന്നിവരാണ് അമ്മക്ക് കത്ത് നല്‍കിയത്.

സംഘടനയില്‍ ആരും സഹകരിക്കാതെ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ രാജിയെക്കുറിച്ച് ചിന്തിക്കുമെന്ന് മോഹന്‍ലാലും പറഞ്ഞു. എല്ലാവരുടേയും സഹകരണം ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയും. സഹകരിക്കാത്ത അവസ്ഥയുണ്ടായാല്‍ രാജിയെക്കുറിച്ച് ആലോചിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. എല്ലാവരുടേയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്‌നങ്ങള്‍ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് സംഘടനക്ക് കത്ത് നല്‍കിയ നടിമാര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ചര്‍ച്ചയിലാണ്. തുറന്നതും ആരോഗ്യപരവുമായ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും നടിമാര്‍ പ്രതികരിച്ചു.