‘അമ്മ’യില്‍ നിന്ന് മഞ്ജുവും പാര്‍വ്വതിയും രാജിവെക്കാത്തതിന്റെ കാരണം ഇതാണ്

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നാലുനടിമാര്‍ രാജിവെച്ചെങ്കിലും മുതിര്‍ന്ന നടിയും ഡബ്ല്യു.സി.സി അംഗവുമായ മഞ്ജുവാര്യര്‍ രാജിവെക്കാത്തത് ചര്‍ച്ചയാവുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്.

മഞ്ജുവാര്യര്‍, സംവിധായിക അഞ്ജലി മേനോന്‍, നടി രേവതി, പാര്‍വ്വതി എന്നിവര്‍ വനിതാകൂട്ടായ്മയില്‍ അംഗങ്ങളാണെങ്കിലും അമ്മയിലും അംഗങ്ങളാണ്. എന്നാല്‍ രാജിയുടെ കാര്യത്തില്‍ ഇവരുടെ നിലപാട് പുറത്തുവന്നിട്ടില്ല. മഞ്ജുവാര്യര്‍ അച്ഛന്‍ മരിച്ചതിനാലാണ് രാജിവെക്കാത്തതെന്നാണ് വിവരം. മരണാനന്തര ചടങ്ങുകളുമായി താരം യാത്രയിലും മറ്റുമാണ്. ഈ അവസരത്തില്‍ രാജിവെക്കുന്നതുപോലെയുള്ള വിവാദങ്ങള്‍ക്ക് നില്‍ക്കില്ലെന്നാണ് അവരുമായുള്ള അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. തന്റെ പുതിയ സിനിമയുടെ റിലീസ് അടുത്തിടെ നടക്കാനിരിക്കുന്നതുകൊണ്ടാണ് പാര്‍വ്വതി രാജിവെക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പാര്‍വ്വതി അമേരിക്കയിലുമാണ്. എന്നാല്‍ മൈ സ്റ്റോറിയുടെ റിലീസിന് ശേഷം പാര്‍വ്വതി നിലപാട് വ്യക്തമാക്കുമെന്നും വിവരമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം നിലനിന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ അമ്മയില്‍ നിന്ന് രാജിവെക്കുന്ന കാര്യത്തില്‍ താരം നിലപാട് അറിയിച്ചിട്ടില്ലെങ്കിലും ഫഹദും പൃഥ്വിരാജും സംഘടന വിടുമെന്നും സൂചനയുണ്ട്. രാജി വെക്കാത്ത താരങ്ങളെല്ലാം നിലപാട് എഴുതി തയ്യാറാക്കിയെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം കൊണ്ട് രാജി ഒഴിവാക്കുകയായിരുന്നു.

അതേസമയം, ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു. എല്ലാവരും രാജിവെക്കേണ്ട എന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്. സംഘടനയില്‍ തുടരുന്നവര്‍ ആശയപോരാട്ടം നടത്തുമെന്നും വിധുവിന്‍സെന്റ് പറഞ്ഞു.