അമ്മയില്‍ നിന്നും ദിലീപ് രാജിവെച്ചു; നടിമാര്‍ മാപ്പു പറയേണ്ടതില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നടന്‍ ദിലീപ് രാജിവെച്ചു. പ്രസിഡന്റെന്ന നിലയില്‍ ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ദിലീപ് രാജിക്കത്ത് നല്‍കിയെന്നും മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞു. രാജി അമ്മ സ്വീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജിവെച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. മൂന്ന് നടിമാര്‍ അമ്മക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. തനിക്കെതിരെ പലരും ആക്ഷേപം ഉന്നയിക്കുകയാണ്. തനിക്ക് അടികൊള്ളേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജനറല്‍ബോഡി കൂടിയാല്‍ മാത്രമേ നടിമാര്‍ മാപ്പുപറയേണ്ട കാര്യം തീരുമാനിക്കാന്‍ കഴിയൂ. വ്യക്തിപരമായി മാപ്പുപറയേണ്ട എന്നതാണ് തന്റെ തീരുമാനം. ജഗദീഷും സിദ്ധീഖും തമ്മില്‍ ഭിന്നതയില്ല. മുതിര്‍ന്ന വനിതാ അംഗമെന്ന നിലയിലാണ് കെ.പി.എ.സി ലളിതയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയത്. വാട്‌സ്അപ്പ് ശബ്ദസന്ദേശം ചോര്‍ന്നത് ഗൗരവത്തോടെ കാണും. നടിമാര്‍ അങ്ങേരെന്ന് വിളിച്ചതില്‍ പരിഭവമില്ല. ദേശീയ തലത്തിലും മറ്റും തന്നെ വ്യക്തിപരമായി ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിക്കാനാണ് ഡബ്ല്യു.സി.സിയുടെ ലക്ഷ്യമെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. അമ്മയെ തകര്‍ക്കാന്‍ ഡബ്ല്യു.സി.സി ഗൂഢാലോചന നടത്തുകയാണെന്ന് സിദ്ധീഖും പറഞ്ഞു.