വിവാദങ്ങള്‍ ഒഴിയുന്നില്ല; അമ്മയില്‍ നിന്ന് രാജിക്കൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍ മടുത്താണ് ഇരുവരും രാജിക്കൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ രാജിവെക്കുകയായിരുന്നുവെന്നും പുറത്താക്കിയതല്ലെന്നുമുള്ള വാദവുമായി ദിലീപ് രംഗത്തെത്തി. ഇതും വിവാദമായ സാഹചര്യത്തിലാണ് ഇരുവരും രാജിയെന്ന തീരുമാനത്തിലെത്തുന്നത്.

ഇന്നസെന്റ് എം.പി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. കഴിഞ്ഞ 18 വര്‍ഷമായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ് ഇടവേള ബാബു. നടി ദേവികയുടെ ‘മീ ടു’ ആരോപണത്തില്‍ പരാതി സെക്രട്ടറി ഒതുക്കിത്തീര്‍ത്തുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് ഇടവേളബാബുവും സ്ഥാനമൊഴിയാന്‍ തയ്യാറാവുന്നത്. നവംബര്‍ 24-ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.