നടിമാരുടെ കൂട്ടരാജി: പ്രതികരിക്കാതെ ‘അമ്മ’

കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് നടിമാര്‍ കൂട്ടത്തോടെ രാജിവെച്ച സംഭവത്തില്‍ പ്രതികരിക്കാതെ അമ്മ. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നേരത്തെ, മുന്‍ പ്രസിഡന്റ് ഇന്നസെന്റും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

ഫേസ്ബുക്കിലൂടെയാണ് അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ വ്യക്തമാക്കിയത്. ‘അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.’ ആക്രമിക്കപ്പെട്ട നടി പറഞ്ഞു.

അവള്‍ക്ക് പിന്തുണ നല്‍കി ഞങ്ങളും രാജവെക്കുകയാണെന്ന് മറ്റു നടിമാരും വ്യക്തമാക്കി.