പ്രതിഷേധം ശക്തമായതോടെ സമ്മര്‍ദ്ദത്തിലായി അമ്മ; ചര്‍ച്ചക്ക് തയ്യാറെന്ന് ഇടവേള ബാബു

കൊച്ചി: താരസംഘടന അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അമ്മ തയ്യാറാവുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നീ നടിമാര്‍ക്കാണ് ഇടവേള ബാബു മറുപടി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ സംഭവം വന്‍ വിവാദമായി. തീരുമാനത്തില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമണത്തിന് ഇരയായ നടി എന്നിവര്‍ അമ്മയില്‍ നിന്നും രാജിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയത്.

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മക്കെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നടിമാര്‍ക്കൊപ്പം പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും നിന്നതോടെ തീരുമാനം പുന:പരിശോധിക്കാമെന്ന് അമ്മക്ക് പറയേണ്ടി വരികയായിരുന്നു.

SHARE