സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി സെല്‍; താരസംഘടന ‘അമ്മ’യില്‍ മാറ്റം വരുന്നു

കൊച്ചി: താരസംഘടന അമ്മയില്‍ മാറ്റം വരുന്നു. അമ്മയില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താനാണ് ഭാരവാഹികളുടെ തീരുമാനം. അതേസമയം, ഈ മാറ്റങ്ങള്‍ ജനറല്‍ബോഡി അംഗീകരിക്കേണ്ടതുണ്ട്. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനങ്ങള്‍ അവതരിപ്പിക്കും.

അമ്മയില്‍ സ്ത്രീകള്‍ക്ക് ആഭ്യന്തരപരാതി സെല്‍ അടിയന്തരമായി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജനറല്‍ ബോഡിയോഗത്തില്‍ ഇതിന് തീരുമാനമാകുമോ എന്നതില്‍ വ്യക്തതയില്ല. നിയമപരമായ തടസ്സുമുണ്ടെന്നാണ് നിലപാട്.

നിര്‍വ്വാഹകസമതിയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഈ ഞായറാഴ്ച്ച നടക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകില്ല. നിലവില്‍ ഭാരവാഹികള്‍ക്ക് ഒരു വര്‍ഷംകൂടി കാലാവധിയുണ്ട്. അതിനാല്‍ സ്ത്രീകള്‍ ഭാരവാഹികളായെത്തുന്നതിന് സമയമെടുക്കും.