എസ്പി-ബിഎസ്പി സഖ്യം ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി; തുറന്നു സമ്മതിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. അതിനെ നേരിടാന്‍ ബി.ജെ.പി ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ അമേത്തിയിലും റായ്ബറേലിയിലുമടക്കം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി തങ്ങള്‍ മുന്നേറുമെന്ന് ഷാ അവകാശപ്പെട്ടു.

ബി.ജെ.പിയുടെ നിലപാടിനെ നിരന്തരം വിമര്‍ശിക്കുന്ന ശിവസേനയുടെ ശിവസേനയിലെ മുന്നേറ്റ തുടര്‍ച്ച സംബന്ധിച്ചും അമിത് ഷാ നിലപാട് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് ആഗ്രഹമില്ല.

എന്‍.ഡി.എയില്‍ നിന്ന് അവരെ പുറത്താക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും ബാക്കിയുള്ളത് അവരുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പുറത്തുപോകുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയുമായിരിക്കും ഏറ്റുമുട്ടുക. ഏതു സാഹചര്യത്തെയും സ്വാഗതം ചെയ്യുന്നതായി അമിത് ഷാ പറഞ്ഞു.

ഒറ്റക്കു മത്സരിച്ചാല്‍ എന്‍.ഡി.എയെ തകര്‍ക്കാനാവില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ 80 സീറ്റുകളില്‍ കൂടി ഇത്തവണ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മികച്ച നേട്ടമുണ്ടാകുമെന്നും അമിത്ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളാണ് മായാവതിയും അഖിലേഷ് യാദവും ഒരുമിച്ചപ്പോള്‍ ബിജെപിക്ക് നഷ്ടമായത്.

SHARE