ഷില്ലോങ്ങില്‍ പ്രതിഷേധം കത്തുന്നു; അമിത് ഷാ സന്ദര്‍ശനം റദ്ദാക്കി

പ്രതിഷേധങ്ങള്‍ കാരണം ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 16ന് നടത്താനിരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 നാണ് അമിത് ഷാ ഷില്ലോങ് സന്ദര്‍ശിക്കാനിരുന്നത്. നോര്‍ത്ത് ഈസ്റ്റ് പൊലീസ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു സന്ദര്‍ശനം.

അതിനിടെ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമില്‍ വീണ്ടും ഉണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥിയുമുണ്ട്.

ത്രിപുരയിലെ സമരക്കാരില്‍ ഒരു വിഭാഗം കേന്ദ്രം നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.എന്നാല്‍ മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്.ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

SHARE