അമിത് ഷായില്‍ പ്രതീക്ഷയുണ്ടെന്ന് കെജ്‌രിവാള്‍

ഡല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. നിലവില്‍ പൊലീസിന് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണെങ്കില്‍ സൈനത്തെ വിന്യസിക്കുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമിത് ഷായുമായുള്ള ചര്‍ച്ചക്ക് മുമ്പ് കെജ്‌രിവാള്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. എംഎല്‍എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിരുന്നു.

ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും ചര്‍ച്ചകളില്‍ എം.എല്‍.എമാര്‍ പങ്കെടുക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയെ നിയന്ത്രിക്കാന്‍ ദല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കേണ്ടതുണ്ടെന്നും ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു പൊലീസുകാരനടക്കം ഏഴ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കലാപത്തില്‍ പരുക്കേറ്റ നൂറിലേറെ പേര്‍ ആസ്പത്രിയിലാണ്. നിരവധി ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഡല്‍ഹി പൊലീസ് സിഎഎ അനുകൂലികള്‍ക്ക് അക്രമത്തിന് സഹായം ചെയ്യുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

SHARE