അമിത് ഷാ പറയുന്നത് മുഴുവന്‍ കളവ്: ബി.ജെ.പിക്കെതിരെ തുറന്നടിച്ച് നായിഡു

ഹൈദരാബാദ്: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നതെല്ലാം കള്ളമാണ്. കള്ളം പ്രചരിപ്പിച്ച് സത്യത്തെ തകര്‍ക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും നായിഡു പറഞ്ഞു.
എന്‍.ഡി.എ വിടാനുള്ള തീരുമാനത്തെ വിമര്‍ശിച്ചും മുന്നണിയിലേക്ക് തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്തുമാണ് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് അമിത് ഷാ തുറന്ന കത്തെഴുതിയത്. എന്നാല്‍ തൊട്ടു പിന്നാലെ എന്‍.ഡി.എയിലേക്ക് മടങ്ങാനുള്ള ബി.ജെ.പി ക്ഷണത്തെ തള്ളിപ്പറഞ്ഞ് നായിഡു രംഗത്തെത്തുകയായിരുന്നു.
ആന്ധ്രക്ക് പ്രത്യേക ഫണ്ട് നല്‍കിയിരുന്നുവെന്നും ടി.ഡി.പി സര്‍ക്കാര്‍ ഇത് ഉപയോഗപ്പെടുത്തിയില്ലെന്നും കത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്രം നല്‍കിയ ഫണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ ആന്ധ്രാപ്രദേശ് കഴിവു കെട്ട സംസ്ഥാനമാണെന്നാണ് അര്‍ത്ഥം. കാര്‍ഷികോത്പാദനത്തിലും മൊത്തോത്പാദനത്തിലും മികവ് പ്രകടിപ്പിച്ച സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. നിരവധി പുരസ്‌കാരങ്ങള്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ കഴിവിന് തെളിവാണ്. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്- നായിഡു ചോദിച്ചു. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ ആന്ധ്രയില്‍ വന്നു. എന്നാല്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രം ഫണ്ടു നല്‍കിയില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ബി.ജെ.പി വാരിക്കോരി നല്‍കുന്നു. ആന്ധ്രാപ്രദേശിന് മാത്രം ഒന്നുമില്ല.
അമിത് ഷായുടെ കത്തില്‍ പറയുന്ന വിവരങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. ആന്ധ്രയിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ ബി.ജെ.പി തയ്യാറായില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പ്രത്യേക സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി മികച്ച മുന്നേറ്റം കാഴ്ച വെച്ചു. ഇതോടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കല്‍ ടി.ഡി.പിക്ക് വലിയ വെല്ലുവിളിയായി മാറി. പുതുതായി രൂപീകരിക്കപ്പെട്ട സംസ്ഥാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് മാത്രം ഇതിന് മതിയാവുമായിരുന്നില്ല. കേന്ദ്ര സഹയാം കൂടി വേണ്ടിയിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലായാല്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നല്‍കുമെന്ന് വിശ്വസിച്ചു. ആന്ധ്രയിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. എന്നാല്‍ ബി.ജെ.പി വഞ്ചിക്കുകയായിരുന്നുവെന്നും നായിഡു കുറ്റപ്പെടുത്തി.

SHARE