സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനം; ഹിന്ദുക്കളെ വേട്ടയാടാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഹിന്ദുക്കളെ വേട്ടയാടാന്‍ വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

ഒരു പ്രത്യേക മതത്തെ വേട്ടയാടാന്‍ ഉദ്ദേശിച്ചുള്ളതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസെന്നും അതിലെ യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തെളിവില്ലാതെ എങ്ങനെയാണ് അവര്‍ക്കെതിരെ നടപടിയെടുക്കാനാവുക എന്നും അമിത് ഷാ ചോദിച്ചു.

അമിത് ഷായുടെ അഭിപ്രായപ്രകടനം കേസ് അട്ടിമറിച്ചെന്ന ആരോപണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അതേസമയം കേസ് അന്വേഷിക്കുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിങ്വി വ്യക്തമാക്കി.