ന്യൂഡല്‍ഹി: പൗരത്വബില്‍ അവതരണത്തിനിടെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത് പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക്. ബില്‍ അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ക്ഷുഭിതനായി. ‘ഞങ്ങള്‍ക്ക് ജനങ്ങള്‍ ഭരിക്കാന്‍ അധികാരം തന്നിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ്. അപ്പോള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടേ മതിയാകൂ’-ഇതായിരുന്നു പ്രതിപക്ഷത്തോടുള്ള അമിത് ഷായുടെ പ്രതികരണം.
എന്നാല്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ അടക്കമുള്ളവര്‍ ബില്ലിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തി. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുസ് ലിങ്ങളല്ലാത്തവര്ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പൗരത്വ ബില്‍. റോഹിംഗ്യന്‍ മുസ് ലിങ്ങളെ ഇന്ത്യ സ്വീകരിക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവതരണാനുമതി നല്‍കരുതെന്നും കാണിച്ച് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, ഗൗരവ് ഗൊഗോയ്, ആര്.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്, തൃണമൂലിലെ സൗഗത റോയ്, മുസ്!ലിംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എഐഎംഐഎമ്മിലെ അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്കി.
ബില്ലില്‍ ശ്രീലങ്കയിലെ തമിഴരെക്കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്ന് ആരോപിച്ച് ഡിഎംകെ അംഗങ്ങള്‍ ഇറങ്ങിപ്പോയി. സിപിഎമ്മിലെ എ.എം.ആരിഫും നോട്ടിസ് നല്‍കിയിരുന്നെങ്കിലും കാരണം കാണിക്കാതിരുന്നതിനാല്‍ സ്പീക്കര്‍ അനുവദിച്ചില്ല. ശിവസേന ശബ്ദവോട്ടില്‍ നിഷ്പക്ഷത പാലിച്ചെങ്കിലും അവതരണാനുമതിക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇടയ്ക്ക് അവരുടെ അംഗങ്ങള്‍ ഇറങ്ങിപ്പോയെങ്കിലും തിരിച്ചുവന്നു വോട്ടു ചെയ്യുകയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതെന്നും ഇതു ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ തുടങ്ങിയവര്‍ പറഞ്ഞു.
മൗലികാവകാശങ്ങളുടെ ലംഘനമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബില്ലില്‍ നിന്നു രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട ഉവൈസി അമിത് ഷായുടെ പേര് കാലം ഹിറ്റ്ലര്‍ക്കൊപ്പം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കി. അര്‍ദ്ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കും വ്ാഗ്വാദങ്ങള്ക്കും ശേഷം ബില്‍ വോട്ടിനിട്ട് പാസാക്കുകയായിരുന്നു.