തിരിച്ചടിയില്‍ പതറി അമിത്ഷാ; സഭയിലെത്തിയില്ല

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ താഴെ വീണ സംഭവത്തില്‍ നിരാശനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഏറെ നാടകങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഢ്‌നാവിസ് രാജിവെച്ചതോടെ ബിജെപി ക്യാമ്പ് നിരാശയിലാവുകയായിരുന്നു. അമിത്ഷായുടെ കുതന്ത്രങ്ങള്‍ പരാജയപ്പെട്ടതോടെ ലോക്‌സഭയിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു. രണ്ടു ബില്ല് അവതരിപ്പിക്കാനുണ്ടായിട്ടും ലോക്‌സഭയില്‍ അമിത്ഷാ എത്തിയിരുന്നില്ലെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മോദി-അമിത്ഷാ ദ്വയത്തിന്റെ അപ്രമാദിത്വത്തില്‍ വിള്ളല്‍ വീഴുന്നുവോ എന്ന ചോദ്യങ്ങളിലേക്കും മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ തിരിച്ചടി വഴി തുറക്കുന്നുണ്ട്. മഹാരാഷ്ട്രയുടെ കാര്യത്തില്‍ വലിയ താല്‍പര്യം തുടക്കം മുതലേ കാണിച്ചിരുന്നില്ലെന്നും ഒടുവില്‍ മോദി നേരിട്ട് ഇടപെട്ടപ്പോഴാണ് പാതിരാത്രിയിലെ സര്‍ക്കാര്‍ രൂപവല്‍ക്കരണ ശ്രമമുണ്ടായതെന്നും വിവരമുണ്ട്.

മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനാ എന്നീ പാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശിവാജി പാര്‍ക്കില്‍ വച്ചാകും സത്യപ്രതിജ്ഞ. ഇന്നലെ രാത്രി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് സഖ്യനേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. കോണ്‍ഗ്രസ്-ശിവസേന -എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായും ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്‍സിപിയുടെ ജയന്ത്പാട്ടീലിനെയും കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാട്ടിനെയും ഉപമുഖ്യമന്ത്രിമാരാക്കാനും യോഗത്തില്‍ തീരുമാനമായി.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 162 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

SHARE