പ്രതിഷേധം കണ്ട് ഭയന്ന് ബിജെപി; പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുന്നു. ഉത്തര്‍പ്രദേശിലുള്‍പ്പെടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിജെപി നീക്കം ചെയ്തു. ട്വിറ്ററില്‍ നിന്നാണ് കുറിപ്പുകള്‍ ഡിലീറ്റ് ചെയ്ത്ത്.

ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ബി.ജെ.പി ഡിലീറ്റ് ചെയ്തത്. ‘രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പു വരുത്തും. ബുദ്ധരും ഹിന്ദുക്കളും സിഖുകളുമല്ലാത്ത രാജ്യത്തെ ഓരോ നുഴഞ്ഞു കയറ്റക്കാരനെയും പുറത്താക്കും’ എന്നായിരുന്നു രാവിലെ 9.48ന് അമിത് ഷായെ ടാഗ് ചെയ്ത് നാമോ ഫോര്‍ ന്യൂ ഇന്ത്യ ഹാഷ്ടാഗില്‍ ബി.ജെ.പി വ്യക്തമാക്കിയിരുന്നത്. മുസ്‌ലിംകളെ രാജ്യത്തു നിന്ന് പുറത്താക്കും എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഈ ട്വീറ്റ്.

ട്വിറ്ററില്‍ നിന്ന് കുറിപ്പ് എടുത്തു കളയാമെന്നും എന്നാല്‍ അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് എങ്ങനെ ഇല്ലാതാക്കുമെന്നും ടി.എം.സി എം.പി ഡെറക് ഒബ്രയാന്‍ ചോദിച്ചു. എല്ലാ സംസ്ഥാനത്തും എന്‍.ആര്‍.എസി നടപ്പാക്കും എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ കത്തി നില്‍ക്കവെ, കഴിഞ്ഞ ദിവസം ബി.ജെ.പി വര്‍ക്കിങ് പ്രസിഡണ്ട് ജെ.പി നദ്ദയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതേസമയം, അസമിനു വേണ്ടി മാത്രമാണ് എന്‍.ആര്‍.സിയെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇതു വളരെ ദൗര്‍ഭാഗ്യകരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അഭ്യൂഹങ്ങള്‍ ഉപയോഗിക്കുകയാണ്. ചിലര്‍ അരാജകത്വം പ്രചരിപ്പിക്കാന്‍ എന്‍.ആര്‍.സിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നല്ല ചിന്തകളേ നിലനില്‍ക്കൂ എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സി.എ.എ വഴി നഷ്ടപ്പെടില്ല. മുസ്‌ലിംകള്‍ അടക്കമുള്ള ഒരു സമുദായവും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരും രാജ്യത്തിന്റെ പുരോഗതിയില്‍ തുല്യ പങ്കാളികളാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്‍.ആര്‍.സിയില്‍ ആശങ്കപ്പെടേണ്ടതില്ല. അത് അസമില്‍ മാത്രമേയുണ്ടാകൂ. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കും അതുണ്ടാവില്ല. നിങ്ങള്‍ സംസാരിക്കുന്നത് ഒരു ജനിക്കാത്ത കുട്ടിയെക്കുറിച്ചാണ്.

എന്‍.ആര്‍.സി ആര്‍ക്കു വേണ്ടിയാണ്? അത് ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു വേണ്ടിയാണ് അതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഒരു സര്‍ക്കാരും ഇത് രഹസ്യമായി കൊണ്ടുവരില്ല.’ അദ്ദേഹം പറഞ്ഞു.

SHARE