ബോളിവുഡിന്റെ ബോബി പോയി; ആകെ തകര്‍ന്നുപോയെന്ന് അമിതാഭ് ബച്ചന്‍

മുംബൈ: ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായിരുന്ന പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു.

കാന്‍സര്‍ രോഗത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ഋഷി കപൂറിനെ ബുധനാഴ്ച രാത്രി എച്ച്.എന്‍ റിലയന്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണപ്പെടുകയായിരുന്നെന്ന് നടനും സഹോദരനുമായ രന്ദീര്‍ കപൂര്‍ ്അറിയിച്ചു.

ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആസ്ത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

https://twitter.com/SrBachchan/status/1255709029336322048

അയാള്‍ പോയി, ഋഷി കപൂര്‍. പോയി. ഇപ്പോഴാണ്. ഞാന്‍ ആകെ തകര്‍ന്നുപോയി. ബച്ചന്‍ ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചന്റെ മൂവായിരത്തി  അഞ്ഞൂറ്റി പതിനേഴാമത്തെ ട്വീറ്റായിരുന്നു അത്.

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു വേഷമിട്ടവരാണ് ബിഗ് ബിയും ഋഷിയും. രോഗത്തിന്റെ അവശതമാറ്റി ഋഷി അവസാനമായി അഭിനയിച്ചതും ബച്ചനൊപ്പമാണ്. രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഉമഷ് ശുക്ലയുടെ 102 നോട്ടൗട്ട്. അച്ഛനും മകനുമായിട്ടായിരുന്നു ഇരുവരും ഈ കോമഡി ചിത്രത്തില്‍ അഭിനയിച്ചത്. ബച്ചന്‍ ദത്താത്രയ വഖാരിയ എന്ന 102 വയസ്സുകാരന്‍ അച്ഛനും. ഋഷി കപൂര്‍ എഴുപത്തിയാറുകാരനായാ ബാബുലാല്‍ വഖാരിയായുമാണ് വേഷമിട്ടത്. ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഈ ചിത്രത്തിനുവേണ്ടി ഇരുവരും ഒന്നിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ശശി കപൂറിന്റെ അജൂബയിലായിരുന്നു അതിന് മുന്‍പ് ഇരുവരും അവസാനമായി വേഷമിട്ടത്.

അന്തരിച്ച നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായിരുന്നു ഋഷി കപൂര്‍. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. രണ്‍ദീര്‍, റിതു നന്ദ, റിമ ജെയിന്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഡിംപിള്‍ കപാഡിയയ്ക്കൊപ്പം 1973 ല്‍ പുറത്തിറങ്ങിയ ബോംബിയിലൂടെയാണ് ഋഷി കപൂര്‍ സിനിമാ രംഗത്തെത്തിയത്. ശ്രീ 420, മേരാ നാം ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായും പ്രത്യക്ഷപ്പെട്ടിരുന്നു.

അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, റാഫൂ ചക്കര്‍, സര്‍ഗം, കാര്‍സ്, ബോള്‍ രാധ ബോള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കപൂര്‍ ആന്റ് സണ്‍സ്, ഡി-ഡേ, മുള്‍ക്ക്, 102 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

SHARE