അമിത് ഷാ പടിയിറങ്ങുമ്പോള്‍; ബി.ജെ.പി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേന്ദ്ര അഭ്യന്തര മന്ത്രി സ്ഥാനം കൈകാര്യം ചെയ്ത് തുടങ്ങിയതോടെ ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ തിരിച്ചടിയായ വേളയില്‍ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുകയാണ്. ദേശീയ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം അഭ്യന്തര മന്ത്രി സ്ഥാനവും കൂടെ ജനകീയ പ്രക്ഷോഭങ്ങളും കൂടിയായതോടെ ഷായുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്ത് മുതലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ജെ.പി നഡ്ഡ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 22ന് മുമ്പ് പുതിയ അധ്യക്ഷന്‍ ചുമതയേറ്റെടുക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദ  ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. 2014 ജൂലൈയില്‍ രാജ്‌നാഥ് സിങ്ങില്‍നിന്നാണ് ബിജെപി പ്രസിഡന്റ് സ്ഥാനം അമിത് ഷാ ഏറ്റെടുത്തത്.

അതേസമയം അമിത് ഷാ പടിയിറങ്ങുന്നതോടെ സ്ഥാനാരോഹിതനാകുന്ന പുതിയ അധ്യക്ഷന് രണ്ടാം മോദി സര്‍ക്കാരിന്റെ ഘട്ടത്തില്‍ കടുത്ത വെല്ലുവിളികളാകും നേരിടേണ്ടിവരിക.

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലധികം ബിജെപിയുടെ അമരത്തിരുന്ന അമിത് ഷായുടെ പകരക്കാരനായി എത്തുമ്പോള്‍ നദ്ദയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പൗരത്വനിയമത്തിലെ ഭേദഗതി, കശ്മീര്‍ നിയന്ത്രണം, കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്, നോര്‍ത്തീസ്റ്റ് പ്രക്ഷോഭങ്ങള്‍ തുടങ്ങി നിരവധി വിവാദവിഷയങ്ങളാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ തലയിലേക്ക് അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചിരിക്കുന്നത്.

വിവാദ വിഷയങ്ങളില്‍ മുന്‍ കാലങ്ങള്‍ക്ക് വിപരീതമായി രണ്ടാം മോദി സര്‍ക്കാറില്‍ ജനങ്ങള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധം ഒതുക്കാനാവാത്ത നിലയിലാണ് നിലവിലെ ആഭ്യന്തര മന്ത്രികൂടിയായ ഷാ പടിയിറങ്ങുന്നത്. ജനകീയ പ്രക്ഷോഭങ്ങളോട് അമിത് ഷാ നേരിട്ട രീതി തന്നെയാകുമോ പുതിയ അധ്യക്ഷനും സ്വീകരിക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ വരാന്‍ പോകുന്ന ഡല്‍ഹി, ബിഹാര്‍, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പും അധ്യക്ഷന് മുന്നിലുള്ള കടുത്ത വെല്ലുവിളിയാണ്. നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിശ്ചിയിച്ച ശേഷം നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം മോശമായിരുന്നു.

അതേസമയം പുതിയ അധ്യക്ഷന്‍ വന്നാലും പാര്‍ട്ടിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യില്‍തന്നെയാവുമോ എന്ന സൂചനയുമുണ്ട്. ജെ.പി നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. അതേസമയം കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പടെയുള്ള ദൗത്യങ്ങളാണ് ജെ.പി നഡ്ഡയെ തുടക്കത്തില്‍ കാത്തിരിക്കുന്നത്.