മകന്റെ വിവാദത്തില്‍ മൗനം; രാഹുലിനെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ

അമേത്തി: മകന്‍ ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചതു മൂലമാണെന്ന പതിവ് പരിഹാസമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഉന്നയിച്ചത്. അമേഠിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

രാഹുല്‍ അമേത്തിയില്‍ മൂന്ന് ദിവസ പര്യടനം നടത്തിയ ഉടനെയാണ് ബിജെപി ദേശീയ അധ്യക്ഷന്റെ അമേത്തി സന്ദര്‍ശനം. രാഹുലിന്റെ പര്യടനത്തിന് ശേഷം യുപിയില്‍ കേന്ദ്ര നേതൃത്വത്തെ സംഘടപ്പിച്ച് വന്‍ പാര്‍ട്ടി പ്രചാരണമാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.

മോദി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗുജറാത്തില്‍ ഗുജറാത്തില്‍ ബി.ജെ.പി വിരുദ്ധ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ഷായുടെ വിമര്‍ശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ച അമിത് ഷാ, പദ്ധതി വാഗ്ദാനങ്ങളുമായല്ല മറിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാവും 2019 ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുകയെന്നും പറഞ്ഞു. തുടര്‍ന്ന് രാഹുലിനെതിരെ പരിഹാസമായിരുന്നു ഷായുടെ വാക്കുകളില്‍. ഒരുപക്ഷെ അയാള്‍ക്ക്(രാഹുല്‍ ഗാന്ധി) 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നായിരുന്നു, ദേശീയ അധ്യക്ഷന്റെ പരിഹാസം.

രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി റാലിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ഷാ അധിക്ഷേപിച്ചു. ഞങ്ങള്‍ രാജ്യത്തിനു വേണ്ടി കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തിട്ടുണ്ടെന്നും അതില്‍ പ്രധാനപ്പെട്ടതാണ് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ നല്‍കിയതെന്നും മന്‍മോഹന്‍ സിങിനെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. നേരത്തെ, അമേത്തിയെ കേന്ദ്രം അവഗണിക്കുകയാണെന്നും മോദിയും മന്ത്രിമാരും ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.