ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി സമ്പര്‍ക്കത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിലാണ് അമിത് ഷാ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കുന്നതിനായുളള നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് ബുധനാഴ്ച ഷാ പങ്കെടുത്തത്. നാല് ദിവസത്തിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. സാധാരണ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്ക സാധ്യതയുള്ളവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാവണമെന്ന നിയമം നിലനില്‍ക്കെയാണ് വന്‍ ആഘോഷമാക്കി നടത്തുന്ന രാമക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രതീകാത്മക തുടക്കമായ വെള്ളി ഇഷ്ടിക സ്ഥാപിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി മോദി നേതൃത്വം നല്കാന് പോകുന്നത്.

പ്രധാനമന്ത്രി മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉന്നത നേതാക്കളും പൂജാരികളും അടക്കം ഇരുനൂറോളം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ബുധനാഴ്ച അയോധ്യയില്‍ ഒരുങ്ങുന്നത്. ഇതിനിടെ അയോധ്യ പൂജയുമായി ബന്ധപ്പെട്ട ആളുകള്‍ക്കും, യുപി ബിജെപി മേധാവിക്കും കൊറോണ സ്ഥിരീകരിച്ചത് വിഷയത്തിന്റെ ഗൗരവം ഉയര്‍ത്തുന്നുണ്ട്. യുപി മന്ത്രി കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിനെതിരെ വിമര്‍ശനമുണ്ട്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശനിയാഴ്ച വൈകിട്ട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തിലാണ്. ഞായറാഴ്ചാണ് ഷാക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.
‘വന്‍ ആഘോഷപരിപാടികളുമായി എത്രപേര്‍ കൂടി ആശുപത്രിയിലേക്ക് അയയ്ക്കാനാണ് മോദി-ജി താങ്കള്‍ ആഗ്രഹിക്കുന്നതെന്ന്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ചോദിച്ചു. മുഖ്യമന്ത്രി യോഗി ദയവായി പ്രധാനമന്ത്രിയോട് സംസാരിക്കണമെന്നും സനാതന്‍ ധര്‍മ്മ ലംഘനം അനുവദിക്കരുതന്നും ദ്വിഗ് വിജയ് സിങ്് ട്വീറ്റ് ചെയ്തു. നിയമം ലംഘിച്ച് പങ്കെടുക്കണമെന്ന നിങ്ങളുടെ നിര്‍ബന്ധം എന്താണെന്നും കോവിഡ് ബാധിതര്‍ പലരുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ സമയം ശുഭകരമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നിര്‍ത്തിവയ്ക്കണമെന്നും, തുടര്‍ ട്വീറ്റുകളില്‍ ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ‘യുപി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും സ്വയം നിരീക്ഷണം നടത്തേണ്ടതില്ലേ? 14 ദിവസത്തെ ക്വാറന്റീന് സാധാരണക്കാര്‍ക്ക് മാത്രമാണോ പ്രധാനമന്ത്രിക്ക് ബാധകമല്ലേയെന്നും സിങ് ചോദിച്ചു.
അതേസമയം, ജൂലൈ 29 ന് നടന്ന യോഗം കോവിഡ് മുന്‍കരുതലുകളും പാലിച്ചാണ് നടന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം. എന്നാല്‍ മീറ്റിങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാസ്ക് പോലും ധരിക്കാത്ത ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷായെ കൂടാതെ മോഡി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്, പൊതുകാര്യ മന്ത്രി നിതിന്‍ ഗഡ്കരി എ്ന്നിലരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.