കശ്മീര്‍ ശാന്തമാണെന്ന് പറയുന്ന അമിത് ഷാ പ്രചാരകരെ മാത്രമാണ് അയക്കുന്നത്; വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിതല സംഘത്തിന്റെ ആദ്യ കശ്മീര്‍ സന്ദര്‍ശന തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കശ്മീരിലെ കാര്യങ്ങളെല്ലാം ശാന്തമാണെന്നും നിയന്ത്രണങ്ങളില്ലെന്നും കേന്ദ്രം പറയുന്നു. പിന്നെ എന്തുകൊണ്ട് കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക മന്ത്രിതല സംഘം മാത്രം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്ന് കപില്‍ സിബല്‍ ചോദിച്ചു. കാര്യങ്ങള്‍ ശാന്തമാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി എന്തുകൊണ്ട് കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ ട്വിറ്ററിലും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. കശ്മീരില്‍ എല്ലാം ശാന്തമാണെന്ന്് അമിത് ഷാ പറയുന്നു. അങ്ങനെയാണെങ്കില്‍, 36 പ്രചാരകരെ മാത്രം കശ്മീരിലേക്ക് അയയ്ക്കുന്നത് എന്തുകൊണ്ടാണ്. അവിടെ പോയി സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ പ്രചാരകരല്ലാത്തവരെ കൂടി അനുവദിക്കാത്തത് എന്തുകൊണ്ടെന്നും കപില്‍ സിബല്‍ ചോദിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കശ്മീരിലേക്ക് ആദ്യ കേന്ദ്രമന്ത്രിതല സംഘത്തെ അയക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയത്.

ജനുവരി 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 36 മന്ത്രിമാര്‍ അടങ്ങിയ കേന്ദ്രസംഘമാണ് ജമ്മു കശ്മീരിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുക. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം ആര്‍ട്ടികള്‍ 370 എടുത്തുകളഞ്ഞതിലൂടെ കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബിജെപി കേന്ദ്രസംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി. അവിടെ ആരെയാണ് അവര്‍ കണാന്‍പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഞങ്ങളുടെ അറിവില്‍ നേരത്തെപോയ രണ്ട് വിദേശ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച ആളുകളെ മാത്രമേ കണ്ടുമുട്ടുകയാണുണ്ടായതെന്നും ആസാദ് പറഞ്ഞു.

അതേസമയം, കശ്മീര്‍ താഴ്വരയില്‍ വെച്ച് മുതിര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായത് കേന്ദ്രസര്‍ക്കാറിനെയും അമിത് ഷായെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.  2019 ആഗസ്ത് 15ന്, മോദി ഭരണത്തിനു കീഴിലാണ് ദേവീന്ദര്‍ സിങിന് രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡല്‍ ലഭിച്ചത്. സംസ്ഥാന സര്‍ക്കാറുകള്‍ ആണ് സാധാരണ ധീരതാ പുരസ്‌കാരത്തിനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ശിപാര്‍ശ ചെയ്യാറ്. എന്നാല്‍ ജമ്മുകശ്മീര്‍ ഒരു വര്‍ഷത്തിലധികമായി രാഷ്ട്രപതി ഭരണത്തിനു കീഴിലാണ് എന്നതുകൊണ്ടുതന്നെ, സംസ്ഥാന സര്‍ക്കാറിന്റെ ചുമലില്‍ ചാരി ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും രക്ഷപ്പെടാന്‍ കഴിയില്ല.
രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ഒരു വര്‍ഷം തികയും മുമ്പെയാണ് ഭീകരര്‍ക്കൊപ്പം ദേവീന്ദര്‍ സിങ് പിടിയിലായിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തന്നെ കുരുക്കിയത് ദേവീന്ദര്‍ സിങ് ആണെന്ന്, വധശിക്ഷക്കു വിധേയനായ അഫ്‌സല്‍ ഗുരു നേരത്തെ വെളിപ്പെടുത്തിയിരുന്നു.